തിരുവനന്തപുരം: അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള മലയാളികളുടെ മടങ്ങിവരവിനെച്ചൊല്ലിയുള്ള ഭരണ- പ്രതിപക്ഷ വാക്പോരോടെ,സ്പ്രിൻക്ലർ വിവാദത്തിന് ശേഷം ഏതാണ്ട് തണുത്തുകിടന്നിരുന്ന രാഷ്ട്രീയാന്തരീക്ഷത്തിന് ചൂടേറി. വാളയാർ ചെക് പോസ്റ്റ് വിവാദത്തോടെ ഇത്ഉച്ചസ്ഥായിയിലായി.
വാളയാർ ചെക് പോസ്റ്റിൽ പാസില്ലാതെ ചെന്നൈയിൽ നിന്നെത്തിയ മലപ്പുറം സ്വദേശിയെ അതിർത്തി കടത്തി കൊണ്ടുവന്നതും, ഇദ്ദേഹത്തിന് പിന്നീട് കൊവിഡ് സ്ഥിരീകരിച്ചതുമാണ് പുതിയ വിവാദത്തിന്റെ കേന്ദ്രബിന്ദു. കോൺഗ്രസ് എം.പിമാരായ വി.കെ. ശ്രീകണ്ഠൻ, രമ്യ ഹരിദാസ്, ടി.എൻ. പ്രതാപൻ, എം.എൽ.എമാരായ ഷാഫി പറമ്പിൽ, അനിൽ അക്കരെ എന്നിവർ ചേർന്ന് രാഷ്ട്രീയനാടകം കളിച്ചെന്നാണ് മുഖ്യമന്ത്രി വിമർശിച്ചത്. സമ്പർക്കം പുലർത്തിയ വ്യക്തിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ, ഇവരോട് ക്വാറന്റൈനിൽ പോകാൻ നിർദ്ദേശിച്ചതിൽ രാഷ്ട്രീയ വിവേചനമാരോപിച്ച് പ്രതിപക്ഷം രംഗത്തെത്തി.ഗുരുവായൂരിൽ കൊവിഡ് ബാധിതനുമായി ഇടപഴകിയ മന്ത്രി എ.സി. മൊയ്തീനോട് എന്തുകൊണ്ട് ക്വാറന്റൈനിൽ പോകാൻ പറയുന്നില്ലെന്നാണ് ചോദ്യം. തിരുവനന്തപുരത്ത് ലോക്ക് ഡൗൺ നിയന്ത്രണം ലംഘിച്ച മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ കേസെടുക്കാതിരിക്കുകയും, സമരങ്ങളിൽ പങ്കെടുത്തതിന് അടൂർപ്രകാശിനും കെ.എസ്. ശബരിനാഥനുമെതിരെ കേസെടുക്കുകയും ചെയ്തതും വിവേചനമായി ചൂണ്ടിക്കാട്ടുന്നു.
അന്യസംസ്ഥാനങ്ങളിൽ നിന്ന് സാങ്കേതികതടസ്സം കാരണം ഉദ്ദേശിച്ച സമയത്ത് വരാനാവാത്തവരുടെ നിരാശ മുതലെടുത്ത്, തദ്ദേശതിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി രാഷ്ട്രീയം കളിക്കുകയാണ് പ്രതിപക്ഷമെന്നാണ് സി.പി.എമ്മിന്റെ വിമർശനം. സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങൾ അട്ടിമറിക്കാനാണ് ശ്രമമെന്നും കുറ്റപ്പെടുത്തുന്നു. കേരളത്തിലെ പൊതുസമൂഹം ഇത് തിരിച്ചറിയുന്നുണ്ടെന്ന് കരുതുന്ന ഇടതുനേതൃത്വം, കൊവിഡ് ഭീതിയിലുള്ള ജനതയുടെ വികാരം അനുകൂലമാക്കിയെടുക്കാനാണ് ശ്രമിക്കുന്നത്.
അന്യസംസ്ഥാനങ്ങളിലെ സഹോദരങ്ങളെ മരണത്തിന്റെ വ്യാപാരികളെന്ന് മുദ്ര കുത്തി ആക്ഷേപിക്കാനാണ് ഇടതുപക്ഷം ശ്രമിക്കുന്നതെന്ന പ്രതിപക്ഷ വിമർശനത്തിന് പിന്നിലെയും ഉന്നം, അവരുടെയും ബന്ധുക്കളുടെയും വികാരം തങ്ങൾക്ക് അനുകൂലമാക്കുകയാണ്.