prem

മുടപുരം:ചിറയിൻകീഴിൽ പ്രേംനസീർ സ്മാരകം നിർമ്മിക്കുന്നതിനായി പ്രേംനസീർ സ്മാരക നിർമ്മാണ സമിതി രൂപീകരിച്ചു. ഡെപ്യൂട്ടി സ്പീക്കർ വി.ശശി ചെയർമാനും സാംസ്കാരിക വകുപ്പ് ഡയറക്ടർ കൺവീനറുമായ സമിതിയിൽ ചിറയിൻകീഴ് ജില്ലാ പഞ്ചായത്ത് ഡിവിഷനിലെ അംഗം, ചിറയിൻകീഴ് ബ്ലോക്ക് പ്രസിഡന്റ്, ചിറയിൻകീഴ് പഞ്ചായത്ത് പ്രസിഡന്റ്, സാംസ്കാരിക വകുപ്പ് സെക്രട്ടറി, ചലച്ചിത്ര അക്കാഡമി അംഗം, പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ എന്നിവർ അംഗങ്ങളാണ്. പ്രേംനസീറിന്റെ ജന്മനാടായ ചിറയിൻകീഴിൽ ശാർക്കര എൽ.പി.സ്കൂൾ ക്യാമ്പസിൽ അദ്ദേഹത്തിന്റെ സ്മാരക നിർമ്മാണത്തിനായി ഒരുകോടി രൂപ വകയിരുത്തുകയും സ്കൂളിലെ 66.22 സെന്റ് ഭൂമി ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ വി.ശശി എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് ഒരു കോടി രൂപ കൂടി അനുവദിക്കുന്നതാണ്. സർക്കാർ രൂപീകരിച്ച സ്മാരക നിർമാണ സമിതിയാണ് പദ്ധതിയുടെ രൂപരേഖ, പ്ലാൻ, എസ്റ്റിമേറ്റ് എന്നിവ തയ്യാറാക്കുന്നത്.