ലോകമെങ്ങും ആധിയും മരണവും വിതച്ച് മുന്നോട്ട് പോകുകയാണ് സാർസ് കൊറോണ വൈറസ് 2 . കേരളത്തിൽ കൊവിഡ് 19 ബാധയുണ്ടായതിന് ശേഷം ഒരു മാസം കഴിഞ്ഞ് രോഗബാധയുണ്ടായ ന്യൂയോർക്കിൽ 22,000ത്തിലധികം പേരാണ് മരണപ്പെട്ടത്. മാദ്ധ്യമങ്ങൾ ഇത് താരതമ്യം ചെയ്ത് റിപ്പോർട്ട് ചെയ്തിരുന്നു.
ഹൃദയം പിളർക്കുന്ന അനുഭവങ്ങൾ ഒാരോ രാജ്യത്തും സംഭവിച്ചുകൊണ്ടിരിക്കുകയാണ്.
ഇന്ത്യയിലാദ്യമായി കൊവിഡ് 19 റിപ്പോർട്ട് ചെയ്തത് കേരളത്തിലാണ്. അത്യധികം കൃത്യനിഷ്ഠയോടെ നാം നടത്തിയ ഇടപെടലുകളാണ് വൈറസിന്റെ വ്യാപനം കുറയ്ക്കുവാനും മരണനിരക്ക് കുറയ്ക്കുവാനും സഹായിച്ചത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ എല്ലാ വകുപ്പുകളെയും ഏകോപിപ്പിച്ചു കൊണ്ടുള്ള ഒരു കൊവിഡ് പ്രതിരോധ യുദ്ധ മുറ തന്നെയാണ് സ്വീകരിച്ചത്.
നിരീക്ഷണ വ്യവസ്ഥകൾ എല്ലാവരും കൃത്യമായി പാലിച്ചാൽ കൂടുതൽ ആളുകളിലേക്ക് രോഗം പകരാതെ രക്ഷപ്പെടാൻ സാധിക്കും. എന്നാൽ ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ മറികടന്ന് മറ്റുള്ളവരുമായി ചിലർ ഇടപെടാൻ ശ്രമിച്ചത് കാരണം കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും രോഗപ്പകർച്ചയുണ്ടായി. അങ്ങനെയാണ് രണ്ടാംഘട്ടത്തിൽ നമുക്ക് 499 പോസിറ്റീവ് കേസ് ഉണ്ടായത്. പക്ഷേ കേരളത്തിന്റെ നിതാന്ത ജാഗ്രതയ്ക്ക് ഫലം കണ്ടു എന്നതിന്റെ തെളിവാണ് ആയിരങ്ങളിലേക്ക് പടരാമായിരുന്ന വൈറസ് ബാധയെ ഈ ചെറിയ നമ്പരിലേക്ക് ഒതുക്കാൻ നമുക്ക് സാധിച്ചത് .
കേരളം ഇപ്പോൾ കൊവിഡ് 19ന്റെ മൂന്നാം വരവ് നേരിടുകയാണ്. ആദ്യത്തെ രണ്ട് ഘട്ടങ്ങളെക്കാൾ കുറേക്കൂടി പ്രയാസകരമായ ഒരു ഘട്ടമാണിത്. ആദ്യത്തെ രണ്ട് ഘട്ടങ്ങളിലെക്കാൾ വൈറസ് സാന്ദ്രത കൂടിയ ഇടങ്ങളിൽ നിന്നാണ് ഇപ്പോൾ ആളുകൾ വരുന്നത് എന്നത് പകർച്ച കൂടാനുള്ള സാദ്ധ്യത വർദ്ധിപ്പിക്കുന്ന ഒന്നാണ്. ഇതോടൊപ്പം മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിൽ വൈറസ് ബാധയും മരണങ്ങളും അനുദിനം വർദ്ധിക്കുന്നു എന്നതും ആശങ്കയുളവാക്കുന്നുണ്ട്. ഒന്നും രണ്ടുമല്ല പതിനായിരക്കണക്കിന് ആളുകളാണ് വരുന്നത്. അവരെ ഒാരോരുത്തരെയും പ്രാഥമിക രോഗ പരിശോധനയ്ക്ക് വിധേയമാക്കി യാത്രാ വിവരങ്ങൾ പരിശോധിച്ച് തരംതിരിച്ച് ഗവ. മുൻകൂട്ടി തയ്യാറാക്കിയ നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് അയയ്ക്കുക എന്നത് ശ്രമകരമായ ജോലിയാണ്. അതുകൊണ്ടു തന്നെ ഈ വരവിന് ചില മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും സർക്കാർ ഏർപ്പെടുത്തുന്നുണ്ട്.ഒത്തൊരുമിച്ച് പ്രവർത്തിക്കേണ്ട ഈ സമയത്ത് ചെറിയ ചെറിയ പ്രശ്നങ്ങൾ പോലും പർവതീകരിച്ച് ത്യാഗപൂർണമായ പ്രവർത്തനത്തിൽ മുഴുകിയിരിക്കുന്നവരെ മാനസികമായി തകർക്കുന്നത് ഉചിതമായ കാര്യമല്ല.
അതിർത്തിയിൽ പാസില്ലാതെ ആയിരങ്ങൾ വന്നാലുണ്ടാകുന്ന പ്രത്യാഘാതങ്ങൾ എല്ലാവരും മനസിലാക്കണം. ആയിരക്കണക്കിന് ആളുകളെ വീടുകളിലും സ്ഥാപനങ്ങളിലുമായി നിരീക്ഷണത്തിൽ വയ്ക്കുമ്പോൾ അവരെയാകെ ശ്രദ്ധിക്കുന്നതിനും മറ്റ് രോഗങ്ങളുടെ കാര്യത്തിലുള്ള ദൈനംദിന കൃത്യനിർവഹണത്തിനും എത്ര ആളുകളെ നിശ്ചയിച്ചാലും തികയാത്ത അവസ്ഥ ഉണ്ടാകും. കേരളം പോലുള്ള ചെറിയ സംസ്ഥാനത്തിന് താങ്ങാനാവാത്ത തരത്തിലുള്ള പ്രശ്നങ്ങളാണ് ഈ വൈറസ് മൂലം ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. എന്നാൽ വൈറസിന്റെ ഈ മൂന്നാം വരവ് നേരിടുക അത്ര എളുപ്പമല്ലെന്ന് നാം മനസിലാക്കുക. മേയ് 4ന് ശേഷം നമുക്ക് പുതിയ 61 പോസിറ്റീവ് കേസുകൾ ഉണ്ടായിരിക്കുന്നു. ഇവരിൽ 21 പേർ വിദേശത്ത് നിന്നു വന്നവരും 18 പേർ തമിഴ്നാട്, മഹാരാഷ്ട്ര, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നു വന്നവരും ബാക്കിയുള്ളവർ അവരുടെ സമ്പർക്കലിസ്റ്റിൽ ഉണ്ടായിരുന്നവരുമാണ്.
ചെന്നൈയിലെ കോയമ്പേട് മാർക്കറ്റ് ചൈനയിലെ വുഹാന് സമാനമായി മാറിയിരിക്കുകയാണ്. ഈ മാർക്കറ്റിൽ നിന്നു വയനാട്ടിൽ എത്തിയ ട്രക്ക് ഡ്രൈവറിലൂടെ 11 പേർക്കാണ് രോഗബാധയുണ്ടായത്.
ഈ ഘട്ടത്തിൽ നമ്മുടെ ശ്രദ്ധ ഏറ്റവും കൂടുതൽ പതിയേണ്ടത് എളുപ്പത്തിൽ രോഗം പകരാൻ സാദ്ധ്യതയുള്ളതും രോഗമുണ്ടായാൽ മരണ സാദ്ധ്യത കൂടുതൽ ഉണ്ടാകാനും സാദ്ധ്യതയുള്ള വിഭാഗത്തിലാണ്. റിവേഴ്സ് ക്വാറന്റൈൻ എന്ന പേരിൽ പ്രായം ചെന്നവർ, ഗർഭിണികൾ, ചെറിയ കുട്ടികൾ ഭിന്നശേഷിക്കാർ മറ്റ് അനുബന്ധ രോഗങ്ങളുള്ളവർ എന്നിവരെ കൊറോണ ബാധിത മേഖലകളിൽ നിന്ന് വരുന്നവരിൽ നിന്നു പൂർണമായി മാറ്റി നിറുത്തുന്നതിനും സമ്പർക്കം ഒഴിവാക്കുന്നതിനും വലിയ പദ്ധതി തന്നെ തയ്യാറാക്കിയിട്ടുണ്ട്. ആരോഗ്യ വകുപ്പ്, പൊലീസ് സാമൂഹ്യനീതി വകുപ്പ്,ആശാ വർക്കർമാർ വോളന്റിയർമാർ തുടങ്ങിയവർ മേൽപ്പറഞ്ഞ വിഭാഗത്തിൽപ്പെട്ട ആളുകളുള്ള ഒാരോ വീടുമായും ബന്ധപ്പെട്ട് അവരുടെ സമ്പർക്ക വിലക്ക് ഉറപ്പാക്കുകയാണ്. 43 ലക്ഷം പേരെയാണ് ഇതിനിടയിൽ ബന്ധപ്പെട്ടിട്ടുള്ളത്. കൺട്രോൾ റൂം കേന്ദ്രീകരിച്ച് ഈ കാര്യം ദൈനംദിനം പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. 1100ലേറെ കൗൺസിലർമാർ 8 ലക്ഷത്തിലേറെ പേർക്കാണ് കൗൺസലിംഗ് നടത്തി അവരെ ഭീതിയകറ്റി സമാധാനപൂർണമായ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്.
ലോക്ക് ഡൗൺ പ്രഖ്യാപിച്ച് അതിർത്തികൾ അടയ്ക്കുക എന്നത് രോഗവ്യാപനം തടയാൻ സഹായകമായ കാര്യമാണ്. എങ്കിലും ഒരു രാജ്യത്തിനും ഏറെക്കാലം ദൈനംദിന പ്രവർത്തനങ്ങളുടെ എല്ലാ വാതിലുകളും അടച്ചിടാൻ കഴിയില്ല. ഭക്ഷ്യ വസ്തുക്കളുടെ ദൗർലഭ്യവും തൊഴിൽ നഷ്ടവും വികസന പ്രവർത്തനങ്ങളുടെ മുരടിപ്പും കാരണം മനുഷ്യരാശി കൂട്ടത്തോടെ ഒടുങ്ങിപ്പോകും.
വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ഒഴിവാക്കാനാകാത്ത കാര്യമാണ്. ഒരേ മനസായി നമുക്കീ പോരാട്ടം തുടരാം. കക്ഷി രാഷ്ട്രീയത്തിനും ജാതിമത ചിന്തകൾക്കും അതീതമായി ഒരുമിച്ച് നിൽക്കാൻ മലയാളികൾക്ക് കഴിയുമെന്ന് മലയാളികൾ പലപ്പോഴും തെളിയിച്ചിട്ടുണ്ട്. ഒരാളെയും മരണത്തിന് വിട്ടുകൊടുക്കാതെ സംരക്ഷിക്കാൻ നമുക്ക് പോരാട്ടം തുടരാം.
(ആരോഗ്യ വകുപ്പ് മന്ത്രിയാണ് ലേഖിക)