കാട്ടാക്കട: ലോക്ക് ഡൗൺ വന്നതോടെ പല മേഖലകളും പ്രതിസന്ധിയിലാണ്. ഒപ്പം പാരലൽ കോളേജ് അദ്ധ്യാപകരും. മാർച്ചിലെ പരീക്ഷാകാലവും ഏപ്രിൽ- മേയ് മാസത്തെ അവധിക്കാല ക്ലാസുകളും ലക്ഷ്യം വച്ച് ജീവിക്കുന്ന നിരവധി പാരലൽ കോളേജ് അദ്ധ്യാപകരാണ് ഇന്ന് വൈറസ് വ്യാപനവും ലോക്ക് ഡൗണും കാരണം വരുമാനം നിലച്ചത്. ഗ്രാമീണ മേഖലയിൽ ഇത്തരത്തിൽ നിരവധി പാരലൽ കോളേജുകളാണ് പ്രവർത്തിക്കുന്നത്. മാർച്ച് മാസം അവസാനത്തോടെ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾക്ക് വിദ്യാർത്ഥികളെ സജ്ജരാക്കുന്നതിന് ഇടയിലാണ് വില്ലനായി വൈറസ് വ്യാപനം എത്തിയതും പരീക്ഷകൾ മാറ്റിവച്ചതും. ഇതോടെ ഗ്രാമീണ മേഖകളിലെ മിക്ക സമാന്തര വിദ്യാഭ്യാസസ്ഥാപനങ്ങളും ഇവിടങ്ങളിലെ അദ്ധ്യാപകരും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി. എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർസെക്കൻഡറി എന്നീ വിഭാഗത്തിലെ വിദ്യാർത്ഥികൾക്കുള്ള ടൂഷനും എസ്.എസ്.എൽ.സി, പ്ലസ് വൺ, പ്ലസ് ടൂ, ഡിഗ്രി തുടങ്ങിയ വിഭാഗങ്ങൾക്കുള്ള സമാന്തര ക്ലാസുകളും എല്ലാം ഇത്തരത്തിൽ നടക്കാറുണ്ട്. ഓരോവർഷവും പുതിയ അദ്ധ്യായന വർഷം ഏറെ പ്രതീക്ഷയോടെയാണ് പാരലൽ കോളേജ് പ്രിൻസിപ്പൽമാരും അദ്ധ്യാപകരും കാത്തിരിക്കുന്നത്. എന്നാൽ ഇനി വരുന്ന അദ്ധ്യായനം എങ്ങനെ നേരിടുമെന്ന ആശങ്കയിലാണ് ഇവർ. നല്ലനിലയിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പതിനായിരക്കണക്കിന് രൂപയാണ് പിരിഞ്ഞു കിട്ടാനുള്ളത്. വൻകിട സ്ഥാപനങ്ങൾ കുറെയൊക്കെ അദ്ധ്യാപകരുടെ ശമ്പളം നൽകിയെങ്കിലും താഴെത്തട്ടിലുള്ള സ്ഥാപനങ്ങളിലെ അദ്ധ്യാപകരുടെ ജീവിത നിലവാരമാണ് ഇതോടെ തകർന്നടിഞ്ഞത്. കോവിഡ് കാലത്ത് ദുരിതമനുഭവിക്കുന്നവരുടെ കൂട്ടത്തിൽ സമാന്തരവിദ്യാഭ്യാസ സ്ഥാപനങ്ങളെയും ഉൾപ്പെടുത്തി ഇവർക്കും കുടുംബങ്ങൾ പട്ടിണിയിലാകാതിരിക്കാൻ ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ നടപടിയുണ്ടാക്കണമെന്ന് പാരലൽ കോളേജ് അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെടുന്നു.
കേരളത്തിലെ വിദ്യാഭ്യാസ മേഖലയിലെ നട്ടെല്ലാണ് സമാന്തര വിദ്യാഭ്യാസ മേഖല. ബിരുദ-ബിരുദാനന്തരയോഗ്യതയുള്ള ആയിരക്കണക്കിന് തൊഴിൽ രഹിതരാണ് ഈ മേഖലയിൽ പണിയെടുക്കുണ്ട്. എന്നാൽ ആനുകൂല്യങ്ങൾ നേടിയെടുക്കാൻ പറ്റിയ സംഘടനയോ ശക്തമായ നേതൃത്വമോ ഇവിടെയില്ല. അതുകൊണ്ടു തന്നെ ഈ മേഖലയിൽ പണിയെടുക്കുന്നവർക്ക് തങ്ങൾക്ക് അർഹമായ ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ സംഘടനകളും ഇല്ല.