ചിറയിൻകീഴ്: എസ്.എൻ.ഡി.പി യോഗം സ്ഥാപക ദിനം ചിറയിൻകീഴ് യൂണിയന്റെ നേതൃത്വത്തിൽ ശുചിത്വ ബോധവത്കരണ ദിനമായി ആചരിച്ചു. സഭവിള ശ്രീനാരായണാശ്രമം അങ്കണത്തിൽ നടന്ന ചടങ്ങിൽ 117 മൺചെരാതുകൾ തെളിയിച്ചു. യൂണിയൻ പ്രസിഡന്റ് സി. വിഷ്ണു ഭക്തൻ ഐക്യദീപം തെളിയിച്ച് യൂണിയൻ നടപ്പാക്കുന്ന രണ്ടു പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചു. കുടുംബാംഗങ്ങൾക്കായി യൂണിയൻ 25,000 മാസ്കുകളും വനിതാസംഘത്തിന്റെ നേതൃത്വത്തിൽ വീട്ടമ്മമാർക്കായി പച്ചക്കറികളടക്കം അടുക്കളത്തോട്ടം ഉണ്ടാക്കുന്നതിനാവശ്യമായ സൗജന്യ വിത്തുകളും നൽകുന്ന പദ്ധതിയും നടപ്പിലാക്കും. ആദ്യഘട്ടത്തിൽ സഭവിള ശ്രീനാരായണാശ്രമത്തിൽ മാതൃകാ കൃഷിത്തോട്ടം ഒരുക്കും. ചിറയിൻകീഴ് യൂണിയൻ വൈസ് പ്രസിഡന്റ് പ്രദീപ് സഭവിള അദ്ധ്യക്ഷത വഹിച്ചു. യോഗം കൗൺസിലർ ഡി. വിപിൻരാജ് മുഖ്യ പ്രഭാഷണം നടത്തി. എസ്.എൻ ട്രസ്റ്റ് ലൈഫ് മെമ്പർ ഡോ. ബി. സീരപാണി അനുഗ്രഹ പ്രഭാഷണം നടത്തി. യൂണിയൻ സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി, യോഗം ഡയറക്ടർ അഴൂർ ബിജു, കൗൺസിലർമാരായ സി. കൃത്തിദാസ്, ഡി. ചിത്രാംഗദൻ, ആശ്രമം പ്രസിഡന്റ് സുഭാഷ് പുത്തൂർ, സെക്രട്ടറി ഡി. ജയതിലകൻ എന്നിവർ സംസാരിച്ചു. യൂണിയൻ മന്ദിരാങ്കണത്തിൽ വനിതാ സംഘം ഭാരവാഹികളായായ ജലജ, സലിത, രമണി ടീച്ചർ വക്കം, ലതികാ പ്രകാശ്, യൂണിയൻ കൗൺസിലർമാരായ അജി കീഴാറ്റിങ്ങൽ, അജീഷ് കടയ്ക്കാവൂർ, സജി വക്കം, ഡോ. ജയലാൽ, എസ്. സുന്ദരേശൻ, ജി. ജയചന്ദ്രൻ എന്നിവർ ഐക്യദീപ പ്രകാശനത്തിന് നേതൃത്വം നൽകി.