തിരുവനന്തപുരം: ഡൽഹിയിൽ നിന്നുള്ള ആദ്യ ട്രെയിനിൽ സെൻട്രൽ റെയിൽവേ സ്റ്റേഷനിലെത്തിയത് 348 യാത്രക്കാർ. ഇന്നലെ പുലർച്ചെ 5.30ഓടെയാണ് ട്രെയിൻ എത്തിയത്. മുംബൈയിൽ നിന്നെത്തിയ പത്തനംതിട്ട സ്വദേശിയെ കടുത്ത പനിയെ തുടർന്ന് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ പരിശോധനാഫലം ഇന്ന് ലഭിക്കും. യാത്രക്കാരിൽ 131 പേർ തിരുവനന്തപുരം സ്വദേശികളും 74 പേർ കൊല്ലം, 64 പേ‌‌ർ പത്തനംതിട്ട, 21 പേർ ആലപ്പുഴ, കോട്ടയം സ്വദേശികളും 58 പേർ തമിഴ്‌നാട് സ്വദേശികളുമാണ്. കൃത്യമായ ആരോഗ്യ പരിശോധന നടത്തിയാണ് ഇവരെ പുറത്തിറക്കിയത്. ഇതിനായി പത്ത് കൗണ്ടറുകൾ സജ്ജമാക്കിയിരുന്നു. യാത്രക്കാരെ കൊണ്ടുപോകുന്നതിനായി തമിഴ്നാട്ടിലേക്ക് അഞ്ച് ബസുകളും കൊല്ലം, പത്തനംതിട്ട എന്നിവിടങ്ങളിലേക്ക് രണ്ട് ബസുകളും ആലപ്പുഴ, കോട്ടയം, കാട്ടാക്കട, നെയ്യാറ്റിൻകര, ആറ്റിങ്ങൽ, നെടുമങ്ങാട് എന്നിവിടങ്ങളിലേക്ക് ഓരോ ബസുകൾ വീതവും സജ്ജമാക്കിയിരുന്നു. തിരുവനന്തപുരത്തേക്ക് ടിക്കറ്റ് എടുത്ത കുറച്ചുപേർ എറണാകുളത്തിറങ്ങി. യാത്രക്കാരെ പൂർണമായും പുറത്തിറക്കിയ ശേഷം റെയിൽവേ സ്റ്റേഷൻ അണുവിമുക്തമാക്കി. വിവിധയിടങ്ങളിലേക്ക് യാത്രക്കാരെ കൊണ്ടുപോയ ടാക്സികളും അണുവിമുക്തമാക്കി.