തിരുവനന്തപുരം: നഗരസഭയുടെ നേതൃത്വത്തിലുള്ള കിഴക്കേകോട്ട ഫുട് ഓവർബ്രിഡ്‌ജിന്റെ നിർമ്മാണ പുരോഗതി മേയർ കെ. ശ്രീകുമാർ വിലയിരുത്തി. കേരളത്തിലെ ഏറ്റവും വലിയ ഫുട് ഓവർബ്രിഡ്‌ജാണിത്. കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ നിർമ്മാണമേഖല മുഴുവൻ സ്‌തംഭനാവസ്ഥയിലാണെങ്കിലും ഫുട് ഓവർബ്രിഡ്‌ജ് നിർമ്മാണത്തിന് തടസം നേരിടാതിരിക്കാൻ പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ടെന്ന് മേയർ പറഞ്ഞു. പാലത്തിന്റെ. പൈലിംഗ് ജോലികൾ അവസാനഘട്ടത്തിലാണ്. ഗ്രൗണ്ടിൽ നിന്നുള്ള പില്ലറുകളുടെ നിർമ്മാണം ഉടൻ ആരംഭിക്കും. ലിഫ്ടുള്ള ആദ്യത്തെ ഫുട് ഓവർബ്രിഡ്‌ജാണിത്. എൽ.ഇ.ഡി വാൾ, കാമറ ഉൾപ്പെടെയുള്ള ആധുനിക സുരക്ഷാ ക്രമീകരണങ്ങളും ഇവിടെ ഉണ്ടായിരിക്കും. കോട്ടമതിലിന്റെ ഘടനയ്ക്ക് യോജിക്കുന്ന തരത്തിലാണ് നിർമ്മാണം. ഗാന്ധിപാർക്കിൽ നിന്നു തുടങ്ങി ആറ്റുകാൽ - തിരുവല്ലം ബസ് സ്റ്റോപ്പിലേക്കും അവിടെനിന്നും റോഡ് മുറിച്ചുകടന്ന് കോട്ടമതിലിനു സമീപവും ഇറങ്ങാവുന്ന രീതിയിലാണ് ഘടന.