train

തിരുവനന്തപുരം: എട്ട് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് ട്രെയിൻ സർവീസ് നടത്താൻ റെയിൽവേ സമ്മതിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഡൽഹിയിൽ കുടുങ്ങിയ മലയാളി വിദ്യാർത്ഥികളെ ട്രെയിനിൽ തന്നെ നാട്ടിലേക്കെത്തിക്കും. അതിനായി പ്രത്യേകം ട്രെയിൻ രണ്ടു ദിവസത്തിനകം അനുവദിക്കും.

ബംഗളൂരു- തിരുവനന്തപുരം ഐലൻഡ് എക്സ്‌പ്രസ് നോൺ എ.സിയാക്കി എല്ലാ ദിവസവും സർവീസ് നടത്തും. പശ്ചിമബംഗാളിൽ തൊഴിലാളികളെ കൊണ്ടുപോകാൻ 18 മുതൽ ജൂൺ 14 വരെ 28 ട്രെയിനുകൾ സജ്ജമാക്കും.

ഡൽഹിയിലെ വിദ്യാർത്ഥികളെ തിരിച്ചെത്തിക്കാൻ ശ്രമിച്ച ഘട്ടത്തിലാണ് റെയിൽവേ വിവിധ നഗരങ്ങളിൽ നിന്നുള്ള സർവീസുകൾ ആരംഭിച്ചത്. ആ ട്രെയിനിൽ ഓൺലൈൻ ബുക്കിംഗ് ഇവർക്ക് പറ്റാതെ വന്നു. എ.സി നിരക്ക് ഇവർക്ക് താങ്ങാനുമാകില്ല. ഈ സാഹചര്യത്തിൽ നോൺ എ.സി വണ്ടിയിൽ എത്തിക്കാനുള്ള മാർഗം തേടി. ടിക്കറ്റ് അവർ തന്നെ എടുത്ത് യാത്ര ചെയ്യാനുള്ള സൗകര്യമുണ്ടാക്കും. ഡൽഹിയിൽ ഹെൽപ്പ് ഡെസ്ക് വഴി ഇത് ഏകോപിപ്പിക്കും.

സമ്പത്തിന് ദിവ്യജ്ഞാനമോ...

സർക്കാരിന്റെ ഡൽഹിയിലെ പ്രതിനിധി എ. സമ്പത്ത് ഈ സമയത്ത് ഡൽഹിയിലില്ലാത്തതിനെപ്പറ്റി ചോദിച്ചപ്പോൾ, ഓരോരുത്തരും ഓരോ സ്ഥലത്ത് കുടുങ്ങിപ്പോയത് നേരത്തേ ആലോചിച്ച് തീരുമാനിച്ചിട്ടല്ലല്ലോ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. രണ്ട് അഡിഷണൽ ചീഫ്സെക്രട്ടറിമാർ ഡൽഹിയിൽ കുടുങ്ങിക്കിടപ്പാണ്. ലോക്ക് ഡൗൺ വരുമെന്നുറപ്പായപ്പോഴാണ് അവസാന ഫ്ലൈറ്റിൽ സമ്പത്ത് ഇങ്ങോട്ട് വന്നതെന്ന ആരോപണത്തിന് മറുപടി ഇങ്ങനെ, 'സമ്പത്തിന് ദിവ്യജ്ഞാനമുണ്ടെന്ന് എനിക്കറിയില്ല".