പൂവാർ: സാനിറ്റെെസറിൽ സ്പർശിക്കാതെ കെെ ശുചിയാക്കാനാവുന്ന ആട്ടോമാറ്റിക് സാനിറ്റൈസർ ഡിസ്പെൻസറുമായി വിദ്യാർത്ഥികൾ. വാഴിച്ചൽ ഇമ്മാനുവൽ കോളേജിലെ ഒന്നാം വർഷ ബി.എസ്.സി വിദ്യാർത്ഥികളായ പ്രഫുൽ ഹർഷൻ, എ.അനന്തൻ എന്നിവരാണ് ആശയത്തിന് പിന്നിൽ. ബോട്ടിലിന് അടിയിൽ കൈവച്ചാൽ സാനിറ്റൈസർ പമ്പ് ചെയ്‌തു മുകളിലെത്തും. ആവശ്യാനുസരണം സാനിറ്റൈസർ ഉപയോഗിക്കാനും അമിത അളവിൽ പാഴാകുന്നത് നിയന്ത്രിക്കാനും ഡിസ്പെൻസറിനാകും. 4 വോൾട്ടിന്റെ രണ്ട് ചെറിയ ബാറ്ററിയും ഐ.ആർ.സെൻസറും ഉൾപ്പെടെ പ്രോഗ്രാം ചെയ്‌താണ് ഇതിന്റെ പ്രവർത്തനം. ബാറ്ററി റീചാർജ് ചെയ്യാനും സാനിറ്റൈസർ അളവ് കുറയുമ്പോൾ അലാറം മുഴക്കി റീഫിൽ ചെയ്യാൻ ഓർമ്മിപ്പിക്കുന്ന സംവിധാനവുമുണ്ട്. ഏകദേശം 700 രൂപയാണ് നിർമ്മാണച്ചെലവ്. സ്റ്റാർട്ട് അപ്പ് സംരംഭം തുടങ്ങാനും ആശയത്തിന് പേറ്റന്റ് നേടാനുമുള്ള ശ്രമത്തിലാണിവർ.