തിരുവനന്തപുരം: കൊവിഡിലും ലോക്ക് ഡൗണിലും പെട്ട് ഇത്തവണ സ്കൂൾ പ്രവേശനോത്സവം നീണ്ടുപോകും. ജൂൺ ഒന്നിന് തുറക്കാനായില്ലെങ്കിൽ ഒാൺലൈൻ ക്ളാസ് തുടങ്ങാനാണ് സർക്കാർ പരിപാടി. സ്മാർട്ട് ഫോണോ ഇന്റർനെറ്റുള്ള ലാപ്ടോപോ, കമ്പ്യൂട്ടറോ ഉണ്ടെങ്കിൽ ക്ളാസിൽ പങ്കെടുക്കാം. എന്നാൽ സംസ്ഥാനത്തെ 52 ലക്ഷം സ്കൂൾ വിദ്യാർത്ഥികളിൽ 2.61 ലക്ഷം കുട്ടികൾക്ക് ഇതൊന്നുമില്ലെന്ന് സമഗ്ര ശിക്ഷാ പദ്ധതി പ്രോഗ്രാം കോ ഒാർഡിനേറ്റർമാർ നടത്തിയ സർവേയിൽ കണ്ടെത്തി.
ഇവർക്ക് ക്ളാസിലെത്താനുള്ള സൗകര്യമൊരുക്കുകയോ ഇന്റർനെറ്റുള്ള അടുത്ത വീടുകളിൽ സൗകര്യമൊരുക്കുകയോ സ്മാർട്ട് ഫോണോ, ലാപ്ടോപോ നൽകുകയാണ് പോംവഴി. തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ ലൈബ്രറികളിലോ അക്ഷയകേന്ദ്രങ്ങളിലോ സൗകര്യമൊരുക്കുന്നതും പരിഗണനയിലുണ്ട്. ഇതേക്കുറിച്ച് പഠിച്ച് സാമ്പത്തിക ബാദ്ധ്യതയുൾപ്പെടെയുള്ള വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറോട് നിർദ്ദേശിച്ചിട്ടുണ്ട്. തിങ്കളാഴ്ച റിപ്പോർട്ട് ലഭിക്കും. അതിനുശേഷം ഒാൺലൈൻ ക്ളാസിനെക്കുറിച്ച് തീരുമാനിക്കുമെന്ന് പൊതുവിദ്യാഭ്യാസവകുപ്പ് സെക്രട്ടറി അറിയിച്ചു.