life-mission

തിരുവനന്തപുരം: ലൈഫ് ഭവന പദ്ധതിയിലുൾപ്പെട്ടതും കൊവിഡ് ലോക്ക് ഡൗൺ മൂലം മുടങ്ങിയതുമായ 50,000 വീടുകളുടെ നിർമാണം മഴയ്ക്ക് മുമ്പ് പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇവയുടെ പ്രവൃത്തി ഉടൻ ആരംഭിക്കും. ഇതിനായുള്ള സംസ്ഥാനവിഹിതത്തിന്റെ വിതരണം ഈയാഴ്ച തുടങ്ങും. രണ്ടാംഘട്ടത്തിൽ ഏറ്റെടുത്ത വീടുകൾക്കുള്ള മുഴുവൻ തുകയും (550കോടി) ലഭ്യമാക്കി. ഈ സർക്കാർ വന്നശേഷം രണ്ടു ലക്ഷത്തി ഇരുപതിനായിരത്തോളം കുടുംബങ്ങൾക്ക് ലൈഫ് മിഷനിലൂടെ പുതിയ വീടുകൾ നൽകിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊവിഡ് ആഘാത പഠനത്തിനായി സർവേ

കൊവിഡ് സംസ്ഥാനത്തിന്റെ സാമ്പത്തിക രംഗത്തെ എങ്ങനെ ബാധിച്ചുവെന്ന് വിശദമായി പഠിക്കാൻ സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്ദ്ധസമിതി സർവേ നടത്തും. സർവേയ്ക്കുള്ള ചോദ്യാവലി പ്രസിദ്ധീകരിച്ചു. സംഘടനകൾ, സ്ഥാപനങ്ങൾ, ഉത്പാദന, വ്യാപാര, സേവന മേഖലകളിലെ അസോസിയേഷനുകൾ, വ്യക്തിഗത സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവരെ ലക്ഷ്യമിട്ടാണ് ചോദ്യാവലി. മുൻ ചീഫ് സെക്രട്ടറി ഡോ. കെ.എം. എബ്രഹാം, അഡിഷണൽ ചീഫ് സെക്രട്ടറി (ധനകാര്യം) രാജേഷ്‌കുമാർ സിംഗ് (കൺവീനർ), ആസൂത്രണ ബോർഡ് അംഗം ആർ. രാമകുമാർ എന്നിവരാണ് സമിതി അംഗങ്ങൾ.