goutham-r-nair

തിരുവനന്തപുരം:ലോക്ക് ഡൗൺ തുടങ്ങിയ ശേഷം മുഖ്യമന്ത്രിയുടെ പ്രതിദിന വാർത്താസമ്മേളനം ഒരു കൊച്ചുമിടുക്കന് പ്രചോദനമായി. കൊവിഡിനെ തോൽപ്പിക്കാൻ കേരളം ലോകത്തിന് മാതൃകയായെന്ന മതിപ്പ് ഉണ്ടായത് അങ്ങിനെയാണ്. ഇൗ പ്രചോദനത്തിൽ നിന്ന് എഴുതിയ പുസ്തകം ഇന്നലെ മുഖ്യമന്ത്രിയുടെ പോലും ശ്രദ്ധയിൽ എത്തിയതോടെ കുട്ടി എഴുത്തുകാരൻ ഗൗതം ആർ. നായർ ഒറ്റദിവസം കൊണ്ട് താരമായി. തിരുവനന്തപുരം ആക്കുളം സ്കൂൾ ഒഫ് ഗുഡ് ഷെപ്പേർഡിലെ ഒൻപതാം ക്ളാസ് വിദ്യാർത്ഥിയായ ഗൗതം

തിരുവനന്തപുരം ഗാന്ധാരിഅമ്മൻ കോവിൽ റോഡ്, ഗീതാഞ്ജലിയിൽ തപാൽ വകുപ്പിൽ അസിസ്റ്റന്റായ രാംകുമാറിന്റെയും ഹിന്ദി അദ്ധ്യാപികയായ ജയ ജി.നായരുടെയും മകനാണ്. കേരള ദ സ്റ്റേറ്റ് ദാറ്റ് ഈസ് ടു ത്രീ സ്റ്റെപ്പ്സ് എഹെഡ് ഒഫ് ദ ഹോൾ വേൾഡ് എന്ന പുസ്തകത്തിന്റെ പ്രകാശനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നാളെ രാവിലെ 11ന് നിർവഹിക്കും. കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ 'ഫുട്ബാൾ ഡ്യൂറിംഗ്' കൊറോണ വൈറസ് എന്ന പുസ്തകവും ഗൗതം എഴുതിയിട്ടുണ്ട്. വൈറസ് ആക്രമണം ലോക ഫുട്ബാളിനെ എങ്ങനെ ബാധിച്ചു എന്നതാണ് ഈ പുസ്തകത്തിലൂടെ ഫുട്ബാൾ പ്രേമിയായ ഗൗതം സൂചിപ്പിക്കുന്നത്.