തിരുവനന്തപുരം:ശരിയായ രീതിയിൽ മാസ്ക് ധരിക്കാത്തവർക്കെതിരെയും പിഴ ചുമത്തുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ ബൽറാം കുമാർ ഉപാദ്ധ്യായ അറിയിച്ചു. പൊതുസ്ഥലത്ത് മാസ്ക് ധരിക്കാതെ വെറുതെ കഴുത്തിലിട്ട് നടക്കുന്നത് ശ്രദ്ധയിൽ പെട്ടതിനെത്തുടർന്നാണ് നടപടി. പൊതുസ്ഥലങ്ങളിൽ ഇറങ്ങുന്നവരും വ്യാപാര സ്ഥാപനങ്ങളിലുള്ളവരും വഴിയോര കച്ചവടക്കാരും മാസ്കോ തൂവാലയോ കൊണ്ട് മൂക്കും വായും ശരിയായ രീതിയിൽ മറയ്ക്കണം. നഗരത്തിൽ ഇന്നലെ മാസ്ക് ധരിക്കാത്ത 115 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇന്നലെ തലസ്ഥാനത്ത് ലോക്ക്ഡൗൺ വിലക്ക് ലംഘനം നടത്തിയ 39 പേർക്കെതിരെ കേസെടുത്തു. 20 വാഹനങ്ങളും പിടിച്ചെടുത്തു.

വിദേശത്തും അന്യസംസ്ഥാനത്തു നിന്നുമെത്തി ക്വാറന്റൈനിൽ കഴിയുന്നവരെ നിരീക്ഷിക്കാൻ സ്‌റ്റേഷനുകളിലെ എസ്.എച്ച്മാരുടെ നേതൃത്വത്തിൽ ജനമൈത്രി സി.ആർ.ഒമാരും ബീറ്റ് ഓഫീസർമാരും രംഗത്തുണ്ട്.ഹോം ക്വാറന്റൈനിൽ കഴിയുന്നവരെ അവർ വീട്ടിൽ തന്നെ കഴിയുന്നുണ്ടോ എന്ന് ദിവസേന പരിശോധിക്കും.സ്ഥലത്തെ റസിഡന്റ്സ് അസോസിയേഷൻ അംഗങ്ങളുടെ സഹായവും പൊലീസിനുണ്ട്.ക്വാറന്റൈനിലുള്ളവരുടെ മൊബൈൽ നമ്പർ മൊബൈൽ ആപ്പിൽ ലിങ്ക് ചെയ്തും നിരീക്ഷിക്കുന്നുണ്ട്.ക്വാറന്റൈൻ ലംഘനം നടത്തുന്നവർക്കെതിരെ കേസെടുക്കുമെന്ന് കമ്മിഷണർ അറിയിച്ചു.