മലയിൻകീഴ്: വീട് നിർമ്മാണത്തിനായി നാല് ലക്ഷം രൂപ ബിഷപ്പ് ഹൗസിൽ നിന്ന് അനുവദിച്ചെന്നു പറഞ്ഞ് കബളിപ്പിച്ച് ക്ലീനിംഗ് തൊഴിലാളിയായ വിധവയുടെ 5,500 രൂപ തട്ടിയെടുത്തതായി പരാതി. ഇന്നലെ രാവിലെയായിരുന്നു സംഭവം. മലയിൻകീഴ് മണപ്പുറം പറയാട്ടുകോണം കോളനിയിലെ സുഭദ്ര‌യെ (50) ആണ് ബുള്ളറ്റിലെത്തിയ നാല്പത്തഞ്ചുകാരൻ പറ്റിച്ച് കടന്നത്. മലയിൻകീഴ് ബാങ്ക് വക ഓഡിറ്റോറിയത്തിലെ താത്കാലിക ക്ലീനിംഗ് തൊഴിലാളിയാണ് സുഭദ്ര‌. വിധവാ പെൻഷൻ ലഭിച്ചതുൾപ്പെടെയുള്ള രൂപയാണ് തട്ടിയെടുത്തത്. ഷീറ്റിട്ട വീട്ടിൽ സുഭദ്ര ഒറ്റയ്ക്കാണ് താമസിക്കുന്നത്. തട്ടിപ്പ് നടത്തിയതിനെ കുറിച്ച് ഇവർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നതിങ്ങനെ: പാസ്റ്ററാണെന്ന് തോന്നിക്കുന്ന രീതിയിലുള്ള വേഷ മണിഞ്ഞ് എത്തിയ ആൾ പേരും വീട്ടിലെ കാര്യങ്ങളും തിരക്കിയ ശേഷം നെയ്യാറ്റിൻകര ബിഷപ്പ് ഹൗസിൽ നിന്ന് വീട് വയ്ക്കുന്നതിന് തിരഞ്ഞെടുത്തവരുടെ കൂട്ടത്തിൽ നിങ്ങളുടെ പേരുണ്ടെന്നും ഉടൻ തുക ലഭിക്കുമെന്നും പറഞ്ഞു. ഇന്ന് തന്നെ ബിഷപ്പ് ഉൾപ്പെടെയുള്ളവരെത്തുമെന്നും വീട് നല്ലവണ്ണം വൃത്തിയാക്കി ഇടണമെന്നും വരുന്നവർക്ക് നാരങ്ങാവെള്ളം മാത്രം നൽകിയാൽ മതിയെന്നും ആവശ്യപ്പെട്ടു. ബാങ്ക് അക്കൗണ്ട്, റേഷൻ കാർഡ്, ആധാർ എന്നിവയുടെ ഫോട്ടോ കോപ്പി വേണമെന്നും ബാങ്ക് അക്കൗണ്ടിൽ കുറഞ്ഞ് 5000 രൂപ എങ്കിലുമുണ്ടാകണമെന്നും പറഞ്ഞ് വിശ്വസിപ്പിച്ച ശേഷം രൂപയും കൈക്കലാക്കി മുങ്ങുകയായിരുന്നു. ഇതിനിടെ വീട് വയ്ക്കുന്നതിനുള്ള രൂപ അനുവദിച്ച വിവരം അറിഞ്ഞ് സമീപവാസികൾ എത്തിയെങ്കിലും ആർക്കും സംശയം തോന്നിയില്ല. 11 മണിക്ക് ബിഷപ്പിനെ കാത്തിരുന്നതിനൊടുവിലാണ് മണപ്പുറം വാർഡ് അംഗം വി.എസ്. ശ്രീകാന്തിനെ വിവരമറിയിക്കുന്നത്. പഞ്ചായത്ത് അംഗമെത്തി സുഭദ്ര‌യുമായി മലയിൻകീഴ് പൊലീസ് സ്റ്റേഷനിലെത്തി സി.ഐ അനിൽകുമാറിന് പരാതി നൽകി. സമാന രീതിയിലുള്ള കബളിപ്പിൽ നേരത്തെയും ഉണ്ടായിട്ടുണ്ടെന്ന് സി.ഐ പറഞ്ഞു. പൊലീസ് അന്വേഷണം ഊർജിതമാക്കി.