അനിൽ അക്കരെ ഒന്നാന്തരമൊരു ഗാന്ധിയാണ്. മജ്ജയും മാംസവുമുള്ള ഇങ്ങനെയൊരാൾ ഈ ഭൂമിയിൽ ജീവിച്ചിരിപ്പുണ്ടായിരുന്നു എന്ന് വരുംതലമുറ വിശ്വസിച്ചെന്ന് വരില്ല എന്ന് ആൽബർട്ട് ഐൻസ്റ്റീൻ പറഞ്ഞത് ശരിക്കുപറഞ്ഞാൽ അനിൽ അക്കരെ ഗാന്ധിയെപ്പറ്റിയായിരുന്നു. ചിലരെല്ലാം അത് തെറ്റിദ്ധരിച്ച് മഹാത്മഗാന്ധിയെപ്പറ്റിയാണെന്ന് പറഞ്ഞ് നടന്നു. അനിൽ അക്കരെയായിട്ട് അത് തിരുത്താൻ പോയില്ല. അല്ലെങ്കിലും അങ്ങനെ തിരുത്താൻ പോകുന്നയാളല്ല .
വാളയാർ അതിർത്തി വരെ പോയി കൊറോണ വൈറസിനെ പിടിച്ചുകെട്ടി കൈയോടെ ഇങ്ങോട്ട് കൊണ്ടുവരണമെന്ന് അക്കരെഗാന്ധി ചിന്തിച്ചിരുന്നില്ല. പക്ഷേ വൈറസ് ഇങ്ങോട്ട് വന്ന് എന്നെ പിടിച്ചുകെട്ടൂ എന്ന് വിലപിച്ചാൽ എന്ത് ചെയ്യാനാണ്? അങ്ങനെയാണ് മറ്റ് ചില ഗാന്ധിമാരായ പ്രതാപൻഗാന്ധിയെയും ഷാഫിപറമ്പിൽഗാന്ധിയെയും ശ്രീകണ്ഠൻഗാന്ധിയെയും രമ്യ കസ്തൂർബായെയും കൂട്ടി ആ അതിസാഹസത്തിന് അക്കരെഗാന്ധി തയാറായത്. ഇതിന് മുമ്പ് വിദേശവസ്ത്ര ബഹിഷ്കരണസമയത്തും ക്വിറ്റിന്ത്യാസമര കാലത്തുമാണ് ഇത്രയും ഗാന്ധിമാർ ഒരുമിച്ചിങ്ങനെ സർവ്വശക്തിയുമെടുത്ത് പോരാടിയിട്ടുള്ളത്. അന്ന് ഈ പോരാളികളുടെ പോരാട്ടം കണ്ടിട്ട് സൂര്യനസ്തമിക്കാത്ത സാമ്രാജ്യക്കാരുടെ ഒന്നും രണ്ടുമെല്ലാം ഒരുമിച്ച് പോയെന്നാണ് ദൃക്‌സാക്ഷികൾ വെളിപ്പെടുത്തിയിട്ടുള്ളത്. തൃശൂർ പൂങ്കുന്നത്തുള്ള കെ. കരുണാകരൻ മന്ദിരത്തിൽ ഇതൊരു ചരിത്രരേഖയായി കിടപ്പുണ്ടെന്ന് പറയുന്നുണ്ട്. തെളിവില്ല.
സൂര്യനസ്തമിക്കാത്ത സാമ്രാജ്യക്കാർക്ക് സംഭവിച്ചത് പോലെയൊക്കെ പിണറായി സഖാവിനും സംഭവിക്കുമെന്ന് അക്കരെ ഗാന്ധിയും മറ്റും കരുതിയതായിരുന്നു. അങ്ങനെ പലതും മനസ്സിൽ കണക്കുകൂട്ടിയതായിരുന്നു. പക്ഷേ ആട്ടുകല്ലിന് കാറ്റ് തട്ടിയിട്ട് വല്ല പ്രയോജനവുമുണ്ടോ. വെറുതെ കാറ്റിന്റെ ഊർജം പാഴായിപ്പോകാമെന്നല്ലാതെ. ഏതാണ്ട് ആട്ടുകല്ലിന്റെ അവസ്ഥയിൽ തന്നെ നില്പുള്ള പിണറായി സഖാവിന് അതിനാൽ യാതൊന്നും സംഭവിക്കുകയുണ്ടായില്ല.
രാഷ്ട്രീയനാടകം കളിക്കേണ്ട സമയമല്ല ഇതെന്നാണ് പിണറായി സഖാവ് പറയുന്നത്. വികാരമല്ല, വിചാരമാണ് നയിക്കേണ്ടതെന്നും സഖാവ് ഉപദേശിക്കുന്നു. വിദേശവസ്ത്ര ബഹിഷ്കരണത്തിൽ പങ്കെടുക്കുമ്പോൾ ബ്രിട്ടീഷുകാർ ഇങ്ങനെയൊന്നും ഉപദേശിക്കാൻ നിന്നിട്ടില്ല. അങ്ങനെ വല്ലതും പറഞ്ഞിരുന്നെങ്കിൽ വിവരമറിയുമായിരുന്നു. പക്ഷേ പിണറായി സഖാവിന് അത്രയ്ക്കിത്രയ്ക്ക് ധൈര്യം എങ്ങനെ കിട്ടിയെന്നാണ് മനസ്സിലാവാത്തത്! നടപടിയെടുക്കേണ്ട കേസാണ്, ഞാനായിട്ട് എടുക്കുന്നില്ല, ക്വാറന്റൈനിൽ പോയ്ക്കോളൂ എന്നാണ് സഖാവ് പറയുന്നത്. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുക്കുന്ന വേളയിൽ പോലും ഇത്ര മാനഹാനി നേരിട്ടിട്ടില്ല. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തതിന് താമ്രപത്രവും പെൻഷനും കിട്ടുമായിരുന്നിടത്ത് സഖാവിന്റെ വക ക്വാറന്റൈനും പരിഹാസവുമാണ്. കലികാലത്തിന്റെ ഒരു സവിശേഷതയായി ഇതിനെ കരുതാം. അല്ലെങ്കിൽ കൊവിഡ് കാലത്തിന്റെ സവിശേഷത.
ഇയാളേതോ കൂടിയ സ്ഥാനത്തിരിക്കുന്നയാളാണ്, അതുകൊണ്ട് ഇയാളെ പിടിക്കേണ്ട എന്നൊന്നും വൈറസ് നോക്കില്ല എന്നാണ് സഖാവ് പറയുന്നത്. യഥാർത്ഥത്തിൽ അക്കരെഗാന്ധിയും സഹഗാന്ധിമാരും ചെയ്തതെന്താണ്! പിടിച്ചു ഞാനവനെന്നെ കെട്ടി, കൊടുത്തു ഞാനവനെനിക്ക് രണ്ട് എന്നൊരു രണ്ടുവരി വാളയാർ അതിർത്തിയിൽ പോയി മൂളുക മാത്രമാണുണ്ടായത്. അതിന് ക്വാറന്റൈനും കുത്തുവാക്കും ആണോ പ്രതിഫലമായി കൊടുക്കേണ്ടത്. മനസ്സാക്ഷിയുള്ളവർ ഇതിനൊരുത്തരം തരണം. സഖാവ് പറയുമ്പോലെയല്ല സംഗതി, ശരിക്കും വൈറസ് ഇവരെ കണ്ടാൽ തിരിച്ചറിയേണ്ടതാണ്!
.............................
- നമുക്ക് മഹാത്മഗാന്ധിയിലേക്ക് തന്നെ വരാം.
ശരിക്കും ഗാന്ധി എന്തിനാണ് ദണ്ഡി കടപ്പുറത്ത് പോയി ഉപ്പ് കുറുക്കിയത്? ഉപ്പിന് മേലുള്ള നികുതിനിയമം ലംഘിക്കാൻ. ഗുജറാത്തിലെ ഗാന്ധിയുടെ സബർമതി ആശ്രമത്തിൽ നിന്ന് കാൽനടയായി ഗാന്ധിയും കൂട്ടരും പോയത് ബ്രിട്ടീഷ് ഇന്ത്യയിൽ ഉപ്പിന് നികുതി ചുമത്തിയത് കാരണമാണ്.
പിണറായി സഖാവ് ദണ്ഡിയാത്രയെപ്പറ്റി ഓർക്കേണ്ടതായിരുന്നു. ഐസക് സഖാവ് ഓർക്കില്ലെന്നുറപ്പാണ്. കാരണം അതങ്ങനെയായിപ്പോയി. കൊവിഡ് മാരി കൂടി വന്നേപ്പിന്നെ ഐസക് സഖാവിന്റെ അവസ്ഥ തീർത്തും പരിതാപകരമായിട്ടുണ്ട്. സഖാവ് നേരാംവണ്ണം ഉറങ്ങിയിട്ട് നാളുകളായി.
ഉപ്പുസത്യാഗ്രഹത്തെപ്പറ്റി പിണറായി സഖാവ് ഓർത്തിരുന്നെങ്കിൽ മദ്യത്തിന് നികുതി പിന്നെയും കൂട്ടില്ലായിരുന്നു. മദ്യപാനികൾക്ക് ചോദിക്കാനും പറയാനും ആരുമില്ലാ എന്നൊന്നും ധരിക്കരുത്. വേണ്ടിവന്നാൽ പൂർണസ്വരാജ് പ്രഖ്യാപിച്ച് മദ്യസത്യാഗ്രഹത്തിനും തയാറാണെന്നാണ് അവരുടെ നിലപാട്. ദണ്ഡി കടപ്പുറത്ത് ഗാന്ധിയും മറ്റും ഉപ്പ് കുറുക്കിയത് പോലുള്ള ഏർപ്പാട് അവർ നടത്താതിരുന്നാൽ നന്ന് എന്നേ ഇപ്പോൾ ഓർമ്മിപ്പിക്കാനുള്ളൂ!
ഇ-മെയിൽ: dronar.keralakaumudi@gmail.com