ആര്യനാട്: കോവിഡ്19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പൊതു സ്ഥലങ്ങളിലും ആശുപത്രികളിലും വരുന്ന ആളുകളുടെ ശരീര ഊഷ്‌മാവ് പരിശോധനിക്കാൻ അരുവിക്കര നിയോജക മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളിലെയും സർക്കാർ ആശുപത്രികളിൽ കെ.എസ്. ശബരീനാഥൻ. എം.എൽ.എ ഇൻഫ്രാറെഡ് ഫോർഹെഡ് തെർമോമീറ്റർ നൽകി. കാട്ടാക്കട, വെള്ളനാട്, ആര്യനാട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകൾ, അരുവിക്കര, കുറ്റിച്ചൽ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ എന്നീ ആശുപത്രികളിൽ ഇൻഫ്രാറെഡ് തെർമോമീറ്റർ കഴിഞ്ഞ ദിവസം നൽകി. വിതുര താലൂക്ക് ആശുപത്രി, തൊളിക്കോട് പ്രാഥമിക ആരോഗ്യ കേന്ദ്രം, ഉഴമലയ്ക്കൽ പ്രാഥമിക ആരോഗ്യ കേന്ദ്രം എന്നിവിടങ്ങളിൽ അടുത്ത ദിവസങ്ങളിൽ നൽകുമെന്നും എം.എൽ.എ അറിയിച്ചു. ഒ.ഐ.സി.സി. ദമാം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെയും ആൾ ഇന്ത്യ പ്രൊഫഷണൽ കോൺഗ്രസിന്റെയും സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ജില്ലാ പഞ്ചായത്തംഗം ആനാട് ജയൻ, ഡോ.എസ്. പ്രകാശ്, എൻ. ജയമോഹനൻ എന്നിവർ പങ്കെടുത്തു.