തിരുവനന്തപുരം:കൊവിഡിനെ തോൽപ്പിക്കാൻ കേരളം ലോകത്തിന് മാതൃകയായെന്ന് പുസ്തകത്തിലൂടെ തെളിയിച്ച ഗൗതം ആർ.നായറിന്റെ കേരള ദ സ്റ്റേറ്റ് ദാറ്റ് ഈസ് ടു ത്രീ സ്റ്രെപ്പസ് എഹെഡ് ഒഫ് ദ ഹോൾ വേൾഡ് എന്ന പുസ്തകത്തിന്റെ പ്രകാശനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. കൊവിഡ് 19നെതിരെ കേരള സർക്കാരിന്റെ പ്രവർത്തനം ലോകത്തിന് മാതൃകയെന്നും കൂടാതെ സർക്കാരിന്റെ പ്രതിരോധ പ്രവർത്തനങ്ങളും ഗൗതം പുസ്തകത്തിൽ രേഖപെടുത്തിയിട്ടുണ്ട്. കൊവിഡിന്റെ പ്രതിരോധ പ്രവർത്തനവും ലോകാരോഗ്യ സംഘടനയുടെ പ്രവർത്തനങ്ങളും നിർദ്ദേശങ്ങളും പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരാഴ്ച കൊണ്ടാണ് ഗൗതം പുസ്തകം തയ്യാറാക്കിയത്. ഇത് ഗൗതമിന്റെ രണ്ടാമത്തെ പുസ്തകമാണ്. ലോക്ക് ഡൗൺ തുടങ്ങിയ ശേഷം മുഖ്യമന്ത്രിയുടെ പ്രതിദിന വാർത്താസമ്മേളനമാണ് ഈ കൊച്ചുമിടുക്കന് പ്രചോദനമായത്. ആക്കുളം സ്‌കൂൾ ഒഫ് ഗുഡ് ഷെപ്പേർഡിലെ ഒൻപതാം ക്ളാസ് വിദ്യാർത്ഥിയാണ് ഗൗതം. തിരുവനന്തപുരം ഗാന്ധാരിഅമ്മൻ കോവിൽ റോഡ്,ഗീതാഞ്ജലിയിൽ തപാൽ വകുപ്പിൽ അസിസ്റ്റന്റായ രാംകുമാറിന്റെയും ഹിന്ദി അദ്ധ്യാപികയായ ജയ ജി.നായരുടെയും മകനാണ്.