editorial-

'ആത്മനിർഭർ ഭാരത്" പാക്കേജിന്റെ ഭാഗമായി ധനമന്ത്രി നിർമ്മല സീതാരാമൻ വെള്ളിയാഴ്ച പ്രഖ്യാപിച്ച പരിപാടികൾ കൃഷി മേഖലയ്ക്ക് ഉത്തേജനം പകരാൻ വേണ്ടിയുള്ളതാണ്. കൃഷി, കന്നുകാലി, മത്സ്യമേഖലകൾക്കായി മൊത്തം 1.63 ലക്ഷം കോടി രൂപയുടെ പദ്ധതികളാണ് ഇതിൽ ഉൾപ്പെടുന്നത്. ഇവയിലേറെയും മോദി സർക്കാരിന്റെ മുൻ ബഡ്ജറ്റുകളിൽ ഉൾപ്പെടുത്തിയിരുന്നവയാണെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ടെങ്കിലും കാർഷിക മേഖലയുടെ സുസ്ഥിര വികസനത്തിനുതകുന്ന ഒട്ടധികം പുതിയ തീരുമാനങ്ങൾ പ്രഖ്യാപനത്തിലുണ്ട്. കാർഷിക മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിനു ഒരുലക്ഷം കോടി രൂപയുടെ നിധി രൂപീകരിക്കുന്നതു ഇതിൽ പ്രധാനമാണ്. ഭക്ഷ്യോത്‌പന്നങ്ങളുടെ സംഭരണത്തിനും വിതരണത്തിനും പ്രോത്സാഹനം നൽകാനുദ്ദേശിച്ച് കാർഷിക പാക്കേജിൽ പുതിയ സ്കീമുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഭക്ഷ്യവസ്തുക്കൾ ഒഴിവാക്കി അവശ്യസാധന നിയമത്തിൽ ഭേദഗതി വരുത്തുന്നതും ഭക്ഷ്യോത്പന്നങ്ങളുടെ സംസ്ഥാനാന്തര നീക്കം സ്വതന്ത്രമാക്കുന്നതും പുതിയ തീരുമാനങ്ങളാണ്. അടിസ്ഥാന സൗകര്യ വികസനത്തിൽ കോൾഡ് സ്റ്റോറേജ് സംവിധാനങ്ങൾ വിപുലമായി വരുന്നതോടെ ഉത്‌പാദന സമൃദ്ധിയിൽ കർഷകർ ഇന്നു നേരിടുന്ന വലിയ പ്രതിസന്ധിക്കു പരിഹാരമുണ്ടാകും. ഭക്ഷ്യസംസ്കരണം, പാൽ സംസ്കരണം, മത്സ്യത്തൊഴിലാളികൾക്കുള്ള ആശ്വാസ പദ്ധതികൾ എന്നിവയ്ക്കായി മൊത്തം 35000 കോടി രൂപയാണു വിനിയോഗിക്കുക. ഭക്ഷ്യോത്‌പന്ന കയറ്റുമതി വർദ്ധിപ്പിക്കാനുള്ള പദ്ധതികളും പാക്കേജിലുണ്ട്.

ഭക്ഷ്യക്കമ്മി നേരിടുന്ന കേരളത്തെ സംബന്ധിച്ചിടത്തോളം കേന്ദ്രത്തിന്റെ പുതിയ കാർഷിക പാക്കേജ് പുതിയ അവസരങ്ങൾ പ്രയോജനപ്പെടുത്താനുള്ള വലിയ അവസരമാണു തുറന്നിടുന്നത്. കേന്ദ്ര കാർഷിക പാക്കേജിലെ പല പദ്ധതികളും കേരളത്തിന് ഏറെ ഇണങ്ങുന്നതും പൂർണമായും നേട്ടം കൊയ്യാൻ സഹായിക്കുന്നതുമാണ്. ഭക്ഷ്യസംസ്കരണം, കയറ്റുമതി, ഔഷധ സസ്യകൃഷി, പഴം, പച്ചക്കറി ഉത്‌പാദനം തുടങ്ങിയ മേഖലകൾ ഇതിൽപ്പെടുന്നു. നാണ്യവിളകളിൽ നേരത്തെ തന്നെയുള്ള സംസ്ഥാനത്തിന്റെ ഉയർന്ന സ്ഥാനം കൂടുതൽ ബലപ്പെടുത്താനുള്ള അവസരവും ലഭിക്കും. ഇപ്പോൾത്തന്നെ ഇവയുടെ കയറ്റുമതിയിലൂടെ രാജ്യത്തിന് ഏറെ വിദേശനാണ്യം നേടിക്കൊടുക്കുന്നതിൽ കേരളത്തിന് ഗണ്യമായ സ്ഥാനമുണ്ട്.

കൊവിഡ് മഹാമാരി സൃഷ്ടിച്ച അവശ്യസാധന ക്ഷാമം കാർഷിക മേഖലയിലേക്കു ശ്രദ്ധയോടെ തിരിയാൻ കേരളത്തെ പ്രേരിപ്പിച്ചിട്ടുണ്ട്. സർക്കാരിന്റെ വാർഷിക ബഡ്ജറ്റുകളിൽ ചടങ്ങുപോലെ കുറെയധികം കാർഷിക വികസന പദ്ധതികൾ ഇടം പിടിക്കാറുണ്ടെങ്കിലും അവയിലധികവും പ്രയോഗ തലത്തിൽ എത്താറില്ല.

കൃഷിയിടങ്ങളെക്കാൾ തരിശുഭൂമി വർദ്ധിക്കുന്ന പശ്ചാത്തലത്തിലാണ് 'സുഭിക്ഷ" എന്ന പേരി​ൽ പുതി​യൊരു കാർഷി​ക വി​കസന പദ്ധതി​യുമായി​ സർക്കാർ ഈയി​ടെ മുന്നോട്ടുവന്നത്. വി​വി​ധ ജി​ല്ലകളി​ലായി​ തരി​ശായി​ കി​ടക്കുന്ന ഒരുലക്ഷത്തി​ലേറെ ഏക്കർ ഭൂമി​യി​ൽ കൃഷി​ ഇറക്കാനുള്ള പദ്ധതി​യാണി​ത്. ഭക്ഷ്യവസ്തുക്കളുടെ ഉത്‌പാദനത്തി​ൽ സംസ്ഥാനത്തെ സ്വയംപര്യാപ്തമാക്കുക എന്നതാണു ലക്ഷ്യം. പച്ചമുളകി​നു വരെ അയൽ സംസ്ഥാനങ്ങളെ ആശ്രയി​ക്കേണ്ട ഗതി​കേടി​ൽ നി​ന്ന് സംസ്ഥാനത്തെ മോചി​പ്പി​ക്കാനായാൽ ഏറ്റവും വലി​യ നേട്ടമാകും അത്. കേന്ദ്രത്തി​ന്റെ പുതി​യ കാർഷി​ക പാക്കേജി​ലെ ആനുകൂല്യങ്ങളി​ൽ പലതും വേണ്ട രീതി​യി​ൽ പ്രയോജനപ്പെടുത്താൻ നമ്മുടെ കർഷകർക്കും കഴി​യണം. അതി​ന് സർക്കാരും കൃഷി​വകുപ്പ് ഉദ്യോഗസ്ഥന്മാരും കർഷകർക്കി​ടയി​ലും ജനങ്ങൾക്കി​ടയി​ലും വിപു​ലമായി​ ബോധവത്‌കരണം നടത്തണം. ആനുകൂല്യങ്ങൾ എങ്ങനെ, എവി​ടെ നി​ന്നെല്ലാം വാങ്ങി​യെടുക്കാനാവുമെന്ന് മാർഗനി​ർദ്ദേശം നൽകണം.

കൃഷി​ മി​കച്ച വരുമാനം തരുന്ന ഉൽക്കൃഷ്ടമായ ഒരു പ്രൊഫഷനാണെന്ന തി​രി​ച്ചറി​വ് ഇന്ന് പൊതുവേ ഉണ്ടായി​ട്ടുണ്ട്. അഭ്യസ്തവി​ദ്യർ പോലും മറ്റു തൊഴി​ലുകൾ തേടി​പ്പോകാതെ പൂർണമായും കാർഷി​ക വൃത്തി​യി​ലേക്കു തി​രി​യുന്നുണ്ട്. കാർഷി​ക മേഖലയി​ൽ വൻതോതി​ൽ നി​ക്ഷേപി​ക്കാൻ ശേഷി​യുള്ള ധാരാളം പേർ ഇവി​ടെ ഉണ്ട്. അത്തരക്കാരെ പ്രചോദി​പ്പി​ച്ച് കൃഷി​യി​ടങ്ങളി​ലേക്കു കൂട്ടി​ക്കൊണ്ടുവരാൻ കഴി​യണം.തരി​ശി​ടങ്ങൾ എത്ര വേണമെങ്കി​ലും

ഏതു ഗ്രാമത്തി​ലും ഉണ്ട്. സ്ഥലം ഉടമകളുമായി​ ചേർന്നോ സ്ഥലം പാട്ടെത്തി​നെടുത്തോ കൃഷി​ ചെയ്യാം. ഭക്ഷ്യസംസ്കരണം, കയറ്റുമതി​ എന്നി​വയ്ക്ക് വലി​യ പദ്ധതി​കളാണ് കേന്ദ്ര പാക്കേജി​ൽ ഉൾപ്പെടുത്തി​യി​രി​ക്കുന്നത്. ഉത്‌പാദക സമൃദ്ധി​ പലപ്പോഴും കർഷകരെ കണ്ണീരി​ലാഴ്‌ത്തുന്നതി​ന്റെ അനുഭവമാണുള്ളത്. വി​ലയി​ടി​വ്, ശീതീകരണ സംവി​ധാനങ്ങളുടെ അഭാവം, സംസ്ഥാനാന്തര കടത്തി​ലെ പ്രതി​ബന്ധങ്ങൾ, അവശ്യസാധന നി​യമത്തി​ലെ നൂലാമാലകൾ തുടങ്ങി​യവ കാരണം ഉത്‌പന്നങ്ങൾക്ക് പലപ്പോഴും കർഷകർക്ക് മുടക്കുമുതൽ പോലും ലഭി​ക്കാത്ത അവസ്ഥ ഉണ്ടാകാറുണ്ട്. ഉള്ളി​, ഉരുളക്കി​ഴങ്ങ്, തക്കാളി​ തുടങ്ങി​യ ഉത്‌പന്നങ്ങൾ കർഷകർ നശി​പ്പി​ച്ചുകളയുന്ന സ്ഥി​തി​ കൂടക്കൂടെ കാണാറുണ്ട്. ഇവ കേടാകാതെ സൂക്ഷി​ക്കാനുള്ള സംവി​ധാനമുണ്ടെങ്കി​ൽ കർഷകകർക്ക് വളരെ സഹായകമാകും. ഭക്ഷ്യസംസ്കരണ രംഗത്തും കേരളത്തി​ന് ഏറെ നേട്ടങ്ങളുണ്ടാക്കാൻ കഴി​യും.

ഔഷധ സസ്യകൃഷി​യാണ് സംസ്ഥാനത്തി​നു തി​ളങ്ങാൻ പറ്റി​യ മറ്റൊരു രംഗം. ഇതുമായി​ ബന്ധപ്പെട്ട പദ്ധതി​കൾ മുൻപും സംസ്ഥാന ബഡ്ജറ്റുകളി​ൽ ഇടംപി​ടി​ച്ചി​ട്ടുണ്ടെങ്കി​ലും വേണ്ടപോലെ നടപ്പായി​ട്ടി​ല്ല. 4000 കോടിയാണ് കേന്ദ്രം ഔഷധ സസ്യകൃഷി വികസനത്തിനായി നീക്കിവച്ചിരിക്കുന്നത്.

മത്സ്യ മേഖലയാണ് നേട്ടമുണ്ടാക്കാൻ യോജിച്ച മറ്റൊരു രംഗം. 20000 കോടി രൂപയാണ് ഇതിനായി കേന്ദ്രം മാറ്റിവച്ചിട്ടുള്ളത്. സംസ്ഥാനത്തെ വലിയൊരു വിഭാഗം മത്സ്യമേഖലയെ ആശ്രയിച്ചു കഴിയുന്നവരാണ്. ഈ മേഖലയുടെ വികസനത്തിനുതകുന്ന നിരവധി പദ്ധതികൾ സംസ്ഥാനം കേന്ദ്രത്തിനു സമർപ്പിച്ചിട്ടുള്ളതാണ്. പാക്കേജിൽ ഉൾപ്പെടുത്താൻ കഴിയുന്ന പദ്ധതികൾക്കായി പുതിയ സമ്മർദ്ദം ചെലുത്തണം. ക്ഷീര വികസന രംഗത്ത് പ്രധാന സ്ഥാനമുള്ള സംസ്ഥാനത്തിന് ആ ഇനത്തിലുള്ള പാക്കേജിലെ ആനുകൂല്യം പ്രയോജനപ്പെടുത്താവുന്നതാണ്. അരലക്ഷം പേർക്ക് പുതുതായി ഈ മേഖലയിൽ തൊഴിൽ നൽകാനാവുമെന്നാണു കണക്കുകൂട്ടൽ. കേരളവും അവസരത്തിനൊത്തുയർന്ന് പരമാവധി ആനുകൂല്യങ്ങൾക്കായി ശ്രമം നടത്തേണ്ടതുണ്ട്.