solar-fencing

പാലോട്: നന്ദിയോട്, പെരിങ്ങമ്മല പഞ്ചായത്തുകലിലെ വനാതിർത്തിയോട് ചേർന്നുള്ള ജനങ്ങൾ പേടിയോടെയാണ് ഓരോ ദിനവും കഴിയുന്നത്. ആന, പന്നി, കുരങ്ങ്, മ്ലാവ്, കാട്ടുപോത്ത് തുടങ്ങി നിരവധി വന്യമൃഗങ്ങളുടെ വിഹാരകേന്ദ്രമായി മാറുകയാണ് ഈ ജനവാസ മേഖല. ഇതിൽ കാട്ടുപന്നികളും കാട്ടാനയും ഇവിടുത്തെ നിത്യ സന്ദർശകർ കൂടിയാണ്. കൃഷിനശിപ്പിക്കുന്നതും വീടുകൾ തകർക്കുന്നതും നിത്യ വിനോദം. ഒപ്പം മുന്നിൽകാണുന്ന മനുഷ്യരെ ഓടിച്ചിട്ട് ആക്രമിക്കുന്നതും പതിവായിരിക്കുകയാണ്. പന്നിയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പലരും ചികിത്സയിലാണ്. നിയമത്തിന്റെ നൂലാമാലകളിൽ കുടുങ്ങി പലർക്കും അർഹമായ നഷ്ട പരിഹാരം ലഭിച്ചിട്ടുമില്ല. ആദിവാസികളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ സൗരോർജ്ജ വേലി നിർമ്മിച്ച് നൽകണമെന്ന് നിരവധി തവണ നാട്ടുകാർ ബന്ധപ്പെട്ട അധികൃതർക്ക് പരാതി നൽകിയിരുന്നു. ഇതിനെത്തുടർന്ന് 68 ലക്ഷം രൂപയോളം ചെലവാക്കി സർക്കാർ സൗരോർജ്ജ വേലി നിർമ്മിക്കുകയുെ ചെയ്തു. എന്നാൽ വനാതിർത്തി തിരിക്കാനുള്ള ജണ്ട നിർമ്മാണത്തിനായി പാറ സ്ഥൂപങ്ങൾ ഇറക്കിയതോടെ പല സ്ഥലങ്ങളിലും വേലി തകർന്ന് വൈദ്യുത ബന്ധം പല സ്ഥലങ്ങളിലും നിലച്ചു. കുറേ ഭാഗം നശിപ്പിക്കപെടുകയും ചെയ്തു. വേലി പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ ഫോറസ്റ്റ് അധികാരികളോട് ആവശ്യപ്പെട്ടിട്ടും നടപടി ഇല്ലെന്നും പരാതിയുണ്ട്. വന സംരക്ഷണത്തിനായി അദീവാസികളെ ഈ ഭാഗങ്ങളിൽ ഫയർ വാച്ചർമാരായി നിയമിക്കാത്തതും തിരിച്ചടിയായി.

പെരിങ്ങമ്മല പഞ്ചായത്തിലെ കോളച്ചൽ ആദിവാസി മേഖലകളിൽ പകൽ സമയങ്ങളിൽ പോലും കാട്ടാന ശല്യം രൂക്ഷമാണ്. പലരുടെയും തെങ്ങുകളും, കമുക്, മരച്ചീനി തുടങ്ങിയ കാർഷിക വിളകളും ആനക്കൂട്ടം പൂർണ്ണമായും നശിപ്പിച്ചു. ലോൺ എടുത്ത തുക പോലും തിരിച്ചടയ്ക്കാൻ കഴിയാത്ത അവസ്ഥയിലാണ് പല കർഷകരും.

പെരിങ്ങമ്മല ഗ്രാമപഞ്ചായത്തിലെ മുത്തിക്കാണി സെറ്റിൽമെന്റിൽ ഭാർഗ്ഗവിക്കും കുടുംബത്തിനും കാട്ടുപോത്ത് കാരണം നഷ്ടമായത് കുടിവെള്ളമാണ്. മൂന്ന് വർഷം മുൻപ് വനത്തിൽ നിന്നും വന്ന കാട്ടുപോത്ത് വീണത് ഭാർഗവിയുടെ കിണറ്റിലാണ്. ഫോറസ്റ്റും ഉദ്യോഗസ്ഥരും ഫയർഫോഴ്സും ചേർന്ന് കാട്ടുപോത്തിനെ കരക്കെടുത്തെങ്കിലും കിണർ പൂർണ്ണമായും നശിച്ചിരുന്നു. ഫോറസ്റ്റ് ഉദ്യോഗസ്ഥർ കിണർ നിർമ്മിച്ചു നൽകാമെന്ന ഉറപ്പ് നൽകിയിരുന്നെങ്കിലും മൂന്നുവർഷമായിട്ടും നടപ്പിലായില്ല. അഞ്ച് സ്ത്രീകൾ മാത്രമാണ് ഇവരുടെ വീട്ടിലുള്ളത്. കിലോമീറ്ററുകൾ നടന്ന് കൈ തോടുകളിൽ നിന്നും അരുവികലിൽ നിന്നുമെല്ലാമാണ് ഇവർ ഇപ്പോൾ വെള്ളം ശേഖരിക്കുന്നത്. വേനൽക്കാലമായാൽ അരുവികൾ വറ്റും ഇതോടെ കുടുംബത്തിന്റെ വെള്ളം കുടിയും മുട്ടും.