മുടപുരം:കഴിഞ്ഞ ദിവസങ്ങളിലെ കാറ്റിലും മഴയിലും കിഴുവിലം ഗ്രാമ പഞ്ചായത്തിൽ വ്യാപകമായ കൃഷി നാശം. വാഴകൃഷിക്കാണ് ഏറെ നാശനഷ്ടം. മരച്ചീനി, റബർ വിളകൾക്കും നാശമുണ്ടായി. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം ഉണ്ടായി. നാല്പത്തി അഞ്ചിൽ പരം കർഷകർ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കൃഷിഭവനിൽ അപേക്ഷ നൽകി.
ഏത്തൻ, കപ്പ, പാളയൻകോടൻ, ഞാലിപ്പൂവൻ വാഴകളിൽ കുല വന്നവയാണ് നശിച്ചതിൽ ഏറെയും. മറ്റു വിളകൾക്കും നാശമുണ്ടായി. അയ്യായിരത്തിൽപ്പരം വാഴകളാണ് നശിച്ചത്.15 കർഷകർ ചേർന്നുള്ള കർഷക കൂട്ടായ്മ 7 ,8 വാർഡുകളിലായി കൃഷി ചെയ്ത വാഴ,മരച്ചീനി തുടങ്ങിയവ പൂർണമായും നശിച്ചു. 10 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി അവർ പറഞ്ഞു.ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജി.ഗോപകുമാർ, ഗ്രാമ പഞ്ചായത്ത് മെമ്പർ എസ്.വനജകുമാരി എന്നിവർ സംയുക്തമായി പറയത്തുകോണത്ത് തരിശായിക്കിടന്ന 85 സെന്റ് സ്ഥലത്ത് വാഴകൃഷി ചെയ്തെങ്കിലും അത് പൂർണമായും നശിച്ചു. 980 വാഴകൾ ഈ വാഴത്തോട്ടത്തിൽ നശിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം ഇവർക്കുണ്ടായി. മാമം നടയിൽ അബ്ദുൽ റഷീദിന്റെ വാഴത്തോട്ടത്തിൽ 260 വാഴകളാണ് ഒടിഞ്ഞ് വീണത്. പാട്ടത്തിനെടുത്ത ഭൂമിയിൽ കൃഷിചെയ്യുന്നവർക്ക് വിള ഇൻഷ്വർ ചെയ്യാനും കഴിയുന്നില്ല.അതിനാൽ സർക്കാർ അടിയന്തര ധനസഹായം ലഭ്യമാക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു.