തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിനായി പ്രഖ്യാപിച്ച ഞായറാഴ്ചത്തെ രണ്ടാമത്തെ സമ്പൂർണ ലോക്ക് ഡൗണിനോടനുബന്ധിച്ച് തലസ്ഥാനത്തെ കടകളിൽ ഇന്നലെ വലിയ തിരക്ക് അനുഭവപ്പെട്ടു. ഇന്ന് അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രം തുറക്കുന്നതിനാൽ വലിയ തിരക്കാണ് ഇന്നലെ കടകളിൽ അനുഭവപ്പെട്ടത്. ഇറച്ചിക്കടകളിൽ രാവിലെ മുതലേ തിരക്ക് ആരംഭിച്ചിരുന്നു. പല കടകൾക്ക് മുന്നിലും ക്യൂ റോഡ് വരെ നീണ്ടെങ്കിലും സാമൂഹിക അകലം പാലിച്ചില്ലെന്നും ആക്ഷേപമുണ്ട്. ഇലക്ട്രോണിക്,മൊബൈൽ ഷോപ്പുകളിലും നിരവധി ആളുകളെത്തി. അത്യാവശ്യ സർവീസുകളൊഴികെ മറ്റ് വാഹനങ്ങളൊന്നും ഇന്ന് നിരത്തിലിറങ്ങരുതെന്നാണ് നി‌‌ർദ്ദേശം. അനാവശ്യ സർവീസുകൾ നടത്തുന്ന വാഹനങ്ങൾക്കെതിരെ പൊലീസ് നടപടി സ്വീകരിക്കും. കഴിഞ്ഞ ഞായറാഴ്ച ചുരുക്കം കടകൾ മാത്രമാണ് തുറന്നത്. പാൽ, പത്രം, ഹോട്ടൽ, പാഴ്സൽ സർവീസുകൾ, ആശുപത്രി,കൊവിഡ് പ്രതിരോധത്തിനായി പ്രവർത്തിക്കുന്ന വകുപ്പുകൾ തുടങ്ങിയവയ്ക്ക് നിയന്ത്രണം ബാധകമല്ല.വിവാഹം, മരണാനന്തരചടങ്ങുകൾ എന്നിവയും നടത്താം. പുലർച്ചെ അഞ്ച് മുതൽ രാവിലെ 10 വരെ പ്രഭാതസവാരികൾക്കും സൈക്കിൾ യാത്രികർക്കും പൊലീസ് അനുമതി നൽകിയിട്ടുണ്ട്.