ന്യൂയോർക്ക്: ലക്ഷക്കണക്കിന് മനുഷ്യരെ കൊന്നൊടുക്കിക്കൊണ്ടിരിക്കുന്ന മഹാമാരി കൊവിഡ് 19ന്റെ ഉത്ഭവ സ്ഥാനം ചൈനയിലെ വുഹാനിലെ ഒരു വെറ്റ് മാർക്കറ്റാണെന്നാണ് പറയുന്നത്. മരപ്പട്ടി, പാമ്പ്, നായ എന്ന് വേണ്ട ജീവികളെയെല്ലാം ജീവനോടെയും മാംസമായും വില്ക്കുന്ന ഇത്തരം വെറ്റ് മാർക്കറ്റുകൾ ഒരു മഹാമാരി വന്നിട്ടും പാഠം പഠിച്ചില്ല എന്ന് തെളിയിക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. വവ്വാലുകൾ ഉൾപ്പെടെയുള്ള ജീവികളെ വില്ക്കുന്ന വെറ്റ് മാർക്കറ്റുകൾ തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ ഇപ്പോഴും സജീവമാണ്. കംബോഡിയ, ഇന്തോനേഷ്യ, ഫിലിപ്പീൻസ്, തായ്‌ലൻഡ്, വിയറ്റ്നാം, ചൈന തുടങ്ങിയ രാജ്യങ്ങളിലെ വെറ്റ് മാർക്കറ്റുകളിലെ ചെറിയ കൂടുകളിൽ തിങ്ങി നിറഞ്ഞ് കഴിയുന്ന ജീവികളുടെ ചിത്രങ്ങളും വീഡിയോകളും കണ്ട് ഞെട്ടിയിരിക്കുകയാണ് ലോകം. കോഴി,പാമ്പ്, തവള, മുയൽ തുടങ്ങി കുരങ്ങ് വരെയുള്ള ജീവികളെ വളരെ വൃത്തിഹീനമായ അന്തരീക്ഷത്തിൽ വില്പനയ്ക്ക് വച്ചിരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ചൈനയിലെ വുഹാനിലെ വെറ്റ് മാർക്കറ്റുകളിൽ വില്പനയ്ക്ക് വച്ചിരുന്ന വവ്വാലുകളിൽ നിന്നാണ് കൊവിഡ് പൊട്ടിപ്പുറപ്പെട്ടതെന്ന് വിശ്വസിക്കുമ്പോഴും വവ്വാൽ വില്പനയ്ക്കും യാതൊരു കുറവുമില്ല.
മൃഗസംരക്ഷണ സംഘടനയായ പെറ്റ നടത്തിയ അന്വേഷണത്തിലാണ് ഏഷ്യൻ വെറ്റ് മാർക്കറ്റുകളിൽ നിന്നുള്ള ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുന്നത്. ഫിലിപ്പീൻസിൽ മൃഗങ്ങളുടെ രക്തം നിറഞ്ഞ ഇടങ്ങളിലൂടെ നടക്കുന്ന അറവുകാരെ കാണാം. ഒരു ഗ്ലൗസ് പോലുമില്ലാതെയാണ് പക്ഷികളുടെയും പന്നികളുടെയും മാംസം മുറിക്കുന്നത്. വിയറ്റ്നാമിൽ നായയുടെ തലയുൾപ്പെടെയുള്ള ശരീരഭാഗങ്ങൾ വേവിച്ച് കൂനകൂട്ടിയിട്ടിരിക്കുന്നു. തൊട്ടടുത്ത് തന്നെ കൂട്ടിൽ തങ്ങളുടെ ഊഴം കാത്തുകിടക്കുന്ന നിസഹായരായ ജീവികളെയും കാണാം. എല്ലാ മാർക്കറ്റുകളിലും ജീവികളുടെ രക്തവും അവശിഷ്ടവും വെള്ളവുമൊക്കെ നിറഞ്ഞ വൃത്തിഹീനമായ പ്രദേശങ്ങളും കണ്ടെത്തി.
സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം അഥവാ സാർസ് എന്ന മാരക രോഗത്തിന് കാരണക്കാരായി വിശേഷിപ്പിക്കപ്പെടുന്ന വെരുകുകളെ ജീവനോടെ തന്നെ ഏഷ്യൻ വെറ്റ് മാർക്കറ്റുകളിൽ കാണാം. കൊവിഡിന്റെ കാരണക്കാരായ വവ്വാലുകളെയാകട്ടെ ഇന്തോനേഷ്യയിൽ കൂടികളിൽ തൂക്കിയിട്ടിരിക്കുന്നു. കുഞ്ഞു ബോക്സുകളിൽ പാമ്പുകളെയും വില്പനയ്ക്ക് വച്ചിരിക്കുന്നു.
വീഡിയോ ദൃശ്യങ്ങളുമായി ലോകമെമ്പാടുമുള്ള വെറ്റ് മാർക്കറ്റുകൾക്ക് നിരോധനമേർപ്പെടുത്തണമെന്ന ആവശ്യവുമായി പെറ്റ വീണ്ടും ലോകാരോഗ്യ സംഘടനയെ സമീപിക്കാനൊരുങ്ങുകയാണ്. ലോകമെമ്പാടുമുള്ള ഭൂരിഭാഗം ജനങ്ങളുടെയും പിന്തുണ തങ്ങൾക്കുണ്ടാകുമെന്ന് പെറ്റ പറയുന്നു. വെറ്റ് മാർക്കറ്റുകൾ നിരോധിക്കാത്ത പക്ഷം മറ്റൊരു മഹാമാരിയ്ക്ക് കൂടി ലോകം സാക്ഷ്യം വഹിക്കോണ്ടി വരുമെന്ന് പെറ്റ സ്ഥാപകനായ ഇൻഗ്രിഡ് ന്യൂകിർക് പറഞ്ഞു. മാരക വൈറസുകളുടെ ടൈം ബോംബുകൾ പോലെയാണ് വെറ്റ് മാർക്കറ്റുകൾ. സാർസ്, എബോള, മെർസ്, പന്നിപ്പനി തുടങ്ങി നിരവധി രോഗങ്ങളുടെ ഉത്ഭവ കേന്ദ്രം കൂടിയാണ് വെറ്റ് മാർക്കറ്റുകൾ.
2002ൽ തെക്കൻ ചൈനയിൽ 700 ലേറെ പേരെ കൊന്നൊടുക്കിയ സാർസ് ഒരു വെറ്റ് മാർക്കറ്റിൽ നിന്നാണ് ഉത്ഭവിച്ചത്. പക്ഷിപ്പനി മാർക്കറ്റുകളിൽ യാതൊരുവിധ സുരക്ഷയുമില്ലാതെ വില്പനയ്ക്ക് വച്ചിരിക്കുന്ന പക്ഷികളിൽ നിന്നും മറ്റും മനുഷ്യരിലേക്ക് പകരും. വംശനാശ ഭീഷണി നേരിടുന്ന ജീവികളെ പോലും വെറ്റ് മാർക്കറ്റുകളിൽ വില്പനയ്ക്ക് വച്ചിരിക്കുന്ന കാഴ്ച കാണാം. വെരുകും ഈനാംപേച്ചിയും പോലുള്ള ജീവികളെ കൈവശം വയ്ക്കുന്നത് നിയമവിരുദ്ധമാണ്. എന്നിട്ടും ഇവ രണ്ടിന്റെയും ഇറച്ചിയ്ക്ക് ചൈനീസ് പ്രവിശ്യകളിൽ വൻ ഡിമാൻഡാണ്.