kovalam

കോവളം: കരമനയാറിന്റെയും പാർവതി പുത്തനാറിന്റെയും മാലിന്യങ്ങൾ വന്ന് കുന്നുകൂടുന്ന തിരുവല്ലം ഇടയാർ മൂന്നാറ്റുമുക്ക് ഭാഗങ്ങളിലെ ശുചീകരണ പ്രവർത്തനങ്ങൾ ലോക്ക് ഡൗണിൽ മുടങ്ങി. ലോക്ക് ഡൗണിനെ തുടർന്ന് പദ്ധതി വൈകിയതോടെ ദുർഗന്ധം കാരണം പുറത്തിറങ്ങാൻ പറ്റാത്ത സ്ഥിതിയാണ്. കരമനയാറിന്റെ പല ഭാഗങ്ങളിലും കെട്ടിക്കിടക്കുന്ന മലിനജലത്തിൽ നിന്നു കൊതുകുകൾ പെരുകുന്ന സാഹചര്യമാണ് നിലവിലുള്ളത്. മലിനജലവും മാലിന്യങ്ങളും കക്കൂസ് മാലിന്യങ്ങളും അറവുശാലയിലെ മാലിന്യങ്ങളുമടക്കം ഈ നദി പ്രതിദിനം മലിനമാകുകയാണ്. മുമ്പ് അനിയന്ത്രിതമായി നടന്ന മണ്ണെടുപ്പ് കാരണം കരമനയാറിന്റെ ഒഴുക്കിന്റെ ഗതിതന്നെ പല സ്ഥലങ്ങളിലും മാറിയിരുന്നു. തമലം മുടവൻമുകൾ ഭാഗത്തെ കടവിൽ വ്യാപകമായി മാലിന്യങ്ങൾ ആറ്റിലേക്ക് തള്ളുന്നതായി കണ്ടെത്തിയിരുന്നു. മാലിന്യക്കൂമ്പാരം നിറയുകയും തുടർന്നുള്ള വെള്ളത്തിന്റെ നിറംമാറ്റവും കാരണം ഈ കടവിൽ ഇപ്പോൾ ആരും കുളിക്കാറില്ല. സംസ്ഥാനത്തെ 44 നദികളിലും പരിശോധന നടത്തിയ ജലവിഭവ വികസന വിനിയോഗകേന്ദ്രം (സി.ഡബ്ല്യു.ആർ.ഡി.എം ) തയ്യാറാക്കിയ റിപ്പോർട്ടിൽ കരമന നദിയും കല്ലായിയും മലിനീകരണ തോത് കൂടുതലാണെന്ന് കണ്ടെത്തിയിരുന്നു. നഗരത്തിലെ കുടിവെള്ള സ്രോതസായ കരമനയാറിനെ മാലിന്യവിമുക്തമാക്കി സംരക്ഷിച്ചില്ലെങ്കിൽ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്ക് വഴിവയ്‌ക്കുമെന്നാണ് ആശങ്ക.

കരമനയാറിന്റെ കഥ

പശ്ചിമഘട്ടത്തിന്റെ തെക്കേ മുനമ്പിലെ അഗസ്‌ത്യാർകൂടത്തിൽ നിന്ന് ഉത്ഭവിക്കുന്നതാണ് കരമനയാർ. അവിടെ നിന്നും പടിഞ്ഞാറോട്ട് 70 കിലോമീറ്ററോളം ഒഴുകി തിരുവല്ലം പനത്തുറയിലെത്തി അറബിക്കടലിൽ പതിക്കുന്ന ആറിന്റെ നഗരത്തിലേക്കുള്ള യാത്ര തുടങ്ങുന്നത് കുണ്ടമൺകടവ് മുതലാണ്. തലസ്ഥാനത്തിന്റെ കുടിവെള്ള വിതരണവും കരമനയാറിനെ ആശ്രയിച്ചാണ്.

പ്രശ്‌നങ്ങൾക്ക് കാരണം

 വീടുകളിൽ നിന്നുള്ള മാലിന്യം

 അറവുശാലയിലെ മാലിന്യം

 കെട്ടിടങ്ങളിലെ മാലിന്യം

 പ്ലാസ്റ്രിക് മാലിന്യനിക്ഷേപം

 കക്കൂസ് മാലിന്യം ഒഴുക്കുന്നു

 കിള്ളിയാർ, തെക്കനംകര കനാൽ, പാർവതി പുത്തനാർ, കരമനയാർ തുടങ്ങിയവയുടെ ശുചീകരണത്തിനായി 2 കോടി രൂപയാണ് നഗരസഭാ ബഡ്‌ജറ്റിൽ മാറ്റിവച്ചിരുന്നത്