തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ 20 ലക്ഷം കോടിയുടെ പാക്കേജ് വെറും വാചക കസർത്തായി മാറിയ സാഹചര്യത്തിൽ ജനങ്ങളുടെ യഥാർത്ഥ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്നാവശ്യപ്പെട്ട് ഈ മാസം 19ന് കേന്ദ്രസർക്കാർ സ്ഥാപനങ്ങളുടെ മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അറിയിച്ചു. കേരളത്തിന് കൊവിഡ് പ്രതിരോധം മുന്നോട്ട് കൊണ്ടുപോകാനാവശ്യമായ കേന്ദ്ര ഫണ്ട് അനുവദിക്കുക, മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി പ്രകാരം നൽകുന്ന തൊഴിൽ ദിനങ്ങൾ വർദ്ധിപ്പിക്കുക, കൂലി വർദ്ധിപ്പിക്കുക, തൊഴിൽ നഷ്ടമാകുന്ന തൊഴിലാളികൾക്ക് നഷ്ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പ്രതിഷേധം.