nabard

തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തിൽ കേരളത്തിലെ കാർഷിക മേഖലയ്ക്ക് നബാർഡ് അനുവദിച്ച 2500 കോടി രൂപയുടെ വായ്പ കൃഷി, മൃഗസംരക്ഷണ, മത്സ്യ ബന്ധന മേഖലകളുടെ പുനരുജ്ജീവനത്തിനായി ആവിഷ്‌കരിച്ച 'സുഭിക്ഷകേരളം' പദ്ധതിക്ക് ഉപയോഗിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.

1500 കോടി രൂപ കേരള ബാങ്ക് വഴിയും 1000 കോടി രൂപ കേരള ഗ്രാമീണ ബാങ്ക് വഴിയുമാണ് നബാർഡ് നൽകുക. പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾ വഴിയായിരിക്കും കൃഷിക്കാരിലേക്ക് വായ്‌പ എത്തുക. കേരള ബാങ്കിനുള്ള 1500 കോടിയിൽ 990 കോടി കൃഷി ഉല്പാദനത്തിനും ഫിഷറീസ്, മൃഗസംരക്ഷണ മേഖലകൾക്കുമാണ്. ബാക്കി 510 കോടി സ്വയം തൊഴിൽ, കൈത്തറി, കരകൗശലം, കാർഷികോല്പന്ന സംസ്‌കരണം, ചെറിയ കച്ചവടം മുതലായവയ്ക്ക് നൽകും.


മന്ത്രിമാരായ ഇ.പി. ജയരാജൻ, കടകംപള്ളി സുരേന്ദ്രൻ, വി.എസ്. സുനിൽ കുമാർ, അഡ്വ. കെ. രാജു, ആസൂത്രബോർഡ് വൈസ് ചെയർമാൻ, ഡോ. വി.കെ. രാമചന്ദ്രൻ, കേരളബാങ്ക് സി.ഇ.ഒ പി.എസ്. രാജൻ എന്നിവരും വകുപ്പ് സെക്രട്ടറിമാരും പങ്കെടുത്തു.

യോഗത്തിന് മുമ്പ് നബാർഡ് ചീഫ് ജനറൽ മാനേജർ ആർ. ശ്രീനിവാസൻ വായ്പാ പദ്ധതികൾ വിശദീകരിച്ചു. ഒരു വർഷത്തേക്കാണ് വായ്പ. ദീർഘകാല ഗ്രാമീണ വായ്പാ ഫണ്ടായി കേരളത്തിന് 1600 കോടിയും ലഭിക്കും. ഇതിൽ 500 കോടി വീതം കേരളബാങ്കിനും കേരള ഗ്രാമീണ ബാങ്കിനും 600 കോടി കേരള ലാൻഡ് ഡവലപ്‌മെന്റ് ബാങ്കിനുമാണ്.

@ കേരളം മാറുന്നു:മുഖ്യമന്ത്രി

കാർഷികമേഖലയിൽ മുന്നേറ്റമുണ്ടാക്കാൻ കേരളം പഴയരീതികളിൽ നിന്ന് മാറുകയാണെന്ന് മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു. താല്പര്യമുള്ള എല്ലാവർക്കും കൃഷി നടത്താൻ കഴിയണം. ഭൂമിയുടെ ഉടമസ്ഥത നോക്കാതെ സ്വയം സഹായ സംഘങ്ങൾക്കും പാടശേഖര സമതികൾക്കും കർഷകരുടെ കൂട്ടായ്‌മയ്‌ക്കും കുടുംബശ്രീക്കുമെല്ലാം വായ്പ നൽകാൻ കേരള ബാങ്കും പ്രാഥമിക കാർഷിക സംഘങ്ങളും ശ്രദ്ധിക്കണം. പശുവളർത്തൽ, പന്നിവളർത്തൽ, മത്സ്യ കൃഷി എന്നിവ‌യ്‌ക്കും എളുപ്പത്തിൽ വായ്പ കിട്ടണം. വീടുകൾ കേന്ദ്രീകരിച്ച് മത്സ്യം വളർത്താനുള്ള പദ്ധതിയുമുണ്ട്.