exams

തിരുവനന്തപുരം: കോച്ചിംഗ് സെന്ററുകളിൽ ചിട്ടയോടെ പഠിച്ച്, മോഡൽ പരീക്ഷകളെഴുതി മെഡിക്കൽ, എൻജിനിയറിംഗ് പ്രവേശന പരീക്ഷയ്ക്ക് അവസാനവട്ട ഒരുക്കം നടത്തേണ്ട സമയം വീട്ടിൽ ലോക്കായത് നല്ലൊരു ശതമാനം വിദ്യാർത്ഥികളെയും അവരുടെ രക്ഷിതാക്കളെയും ആശങ്കയിലാക്കി.

പരിശീലന കേന്ദ്രങ്ങളിൽ തീവ്രപരിശീലനം നടത്തിയിരുന്നവർ വീടുകളിലായതോടെ സ്റ്റഡി പ്ലാനിന്റെ താളം തെറ്റി. ഓൺലൈൻ ക്ലാസുകളും ഇ-സ്റ്റഡി മെറ്റീരിയലുകളും പരിശീലന കേന്ദ്രങ്ങൾ സജ്ജമാക്കുന്നുണ്ടെങ്കിലും അഞ്ച് ശതമാനം കുട്ടികൾക്കേ ഇവ ഫലപ്രദമാകുന്നുള്ളൂ. പൊതുഗതാഗതം തുടങ്ങിയ ശേഷം പരിശീലന കേന്ദ്രങ്ങൾ തുറക്കാൻ അനുവദിക്കണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.

മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് ജൂലായ് 26നാണ്. സംസ്ഥാന എൻജിനിയറിംഗ്, ഫാർമസി, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനപരീക്ഷ ജൂലായ് 16നും. എൻജിനിയറിംഗ് എൻട്രൻസിന് 89167പേരും ഫാർമസിക്ക് 63534 പേരും അപേക്ഷിച്ചു. 1.16 ലക്ഷം കുട്ടികളാണ് നീറ്റിന് തയ്യാറെടുക്കുന്നത്.

ബയോളജിക്ക് 90, കെമിസ്ട്രിക്കും ഫിസിക്സിനും 45 വീതം എന്നിങ്ങനെ 180 ചോദ്യങ്ങളാണ് നീറ്റിനുള്ളത്. ഫിസിക്സിലെ കടുപ്പമേറിയ ചോദ്യങ്ങൾ തുടർച്ചയായി എഴുതി പരിശീലിക്കേണ്ടവയാണ്. സമയം ക്രമീകരിക്കാനും ഉത്തരം കണ്ടെത്തൽ വേഗത്തിലാക്കാനും മോക്ക് ടെസ്റ്റുകൾ അത്യാവശ്യമാണ്. നെഗറ്റീവ് മാർക്കുള്ളതിനാൽ ചിട്ടയോടെയും ആവർത്തിച്ചുമുള്ള പരിശീലനവും മോഡൽ പരീക്ഷകളും ഒഴിവാക്കാനാവില്ല. പരിശീലന കേന്ദ്രങ്ങളെ കുട്ടികൾ ആശ്രയിക്കുന്നതും ഇതുകൊണ്ടാണ്.

പരിശീലനത്തിന്റെ അവസാനഘട്ടത്തിലെ ക്രാഷ് കോഴ്സുകളാണ് ഈ ഘട്ടത്തിൽ പരിശീലനകേന്ദ്രങ്ങൾ നൽകാറുള്ളത്. ദിവസവും എൻട്രൻസിന് സമാനമായ മാതൃകാ പരീക്ഷകളാണ് പ്രധാനം. ഇവ ഉത്തരങ്ങൾ മാർക്കുചെയ്യുന്നതിലെ വേഗത വർദ്ധിപ്പിക്കും. സ്കോർ അറിയാനും പിഴവുകൾ തിരുത്താനും അവസരം ലഭിക്കും.

ഇപ്പോൾ നിത്യേന മൂന്നു മണിക്കൂർ ഓൺലൈൻ ക്ലാസുകളുണ്ടെങ്കിലും നേരിട്ട് പരിശീലനം കിട്ടുന്നപോലെ ഫലപ്രദമല്ലെന്ന് കുട്ടികൾ പറയുന്നു.

കോച്ചിംഗ് സെന്ററുകൾ പലതും ഗ്രാമപ്രദേശങ്ങളിലെ ദരിദ്രരായ സമർത്ഥ വിദ്യാർത്ഥികളെ സൗജന്യമായി പഠിപ്പിക്കുന്നുണ്ട്. കമ്പ്യൂട്ടർ, ഇന്റർനെറ്റ് സൗകര്യമില്ലാത്തതിനാൽ ഇവർക്ക് ഓൺ ലൈൻ ക്ളാസ് പ്രയോജനപ്പെടുന്നില്ല.

സർക്കാരിന് ചെയ്യാവുന്നത്

 ആരോഗ്യ നിർദ്ദേശങ്ങൾ പാലിച്ച് പരിശീലന കേന്ദ്രങ്ങൾ തുറക്കാൻ അനുമതി നൽകാം

 കുട്ടികളെ ഒരുമിച്ചിരുത്താതെ, പല ഷിഫ്‌റ്റുകളായി ക്ലാസുകൾക്ക് നിർദ്ദേശിക്കാം

'ലക്ഷത്തിലേറെ കുട്ടികളുടെ ഭാവിയുടെ പ്രശ്‌നമായതിനാൽ സർക്കാർ ഗൗരവമായി പരിഗണിക്കണം. സാധാരണക്കാരുടെ മക്കൾക്ക് ഓൺലൈൻ ക്ലാസുകൾ ഫലപ്രദമല്ല. ആരോഗ്യ നിബന്ധനകളെല്ലാം പാലിച്ച് ക്ലാസ് നടത്താൻ അനുവദിക്കണം. മികച്ച പരിശീലനം കിട്ടിയില്ലെങ്കിൽ സമർത്ഥരായ വിദ്യാർത്ഥികളും പിന്നാക്കം പോവും.

- വി.സുനിൽകുമാർ

ഡയറക്ടർ, സഫയർ കോച്ചിംഗ് സെന്റർ

'' കൊവഡിന്റെ മാനദണ്ഡങ്ങൾ പാലിച്ച് ക്ളാസുകൾ തുടങ്ങാനുള്ള ഇടപടെലാണ് ഉണ്ടാവേണ്ടത്. അദ്ധ്യാപകൻ നേരിട്ട് ക്ളാസ് നയിക്കുമ്പോഴുള്ള ശ്രദ്ധയും കരുതലും ഓൺലൈൻ ക്ളാസിൽ ഉറപ്പാക്കാനാവില്ല. പരസ്പരം നേരിട്ട് കാണാത്തതിനാൽ പൾസ് അറിഞ്ഞുള്ള പഠനവും ശിക്ഷണവും കുറയും. സംശയ നിവാരണത്തിനുള്ള സാദ്ധ്യതയുമില്ലാതാവും''

- സെബാസ്റ്റ്യൻ ജി. മാത്യു, ഡയറക്ടർ,​ പാലാ ബ്രില്യന്റ്

'ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചിട്ടുണ്ടെങ്കിലും ക്ലാസ് മുറികളിൽ നിന്ന് അദ്ധ്യാപകരുടെ നേരിട്ടുള്ള പഠനമാണ് ഏറ്റവും ഉചിതം. എൻട്രൻസ് കോച്ചിംഗ് സെന്ററുകൾ നിയന്ത്രണങ്ങളോടെയെങ്കിലും തുറന്നാൽ അത് വിദ്യാർത്ഥികൾക്ക് ഏറ്റവും പ്രയോജനകരമാകും.
ഫാ.തോമസ് പുതുശേരി, ഡയറക്ടർ, ദർശന അക്കാഡമി കോട്ടയം