സാവോ പോളോ : അധികാരമേറ്റ് ഒരു മാസം തികയുന്നതിന് മുമ്പ് ബ്രസീലിന്റെ പുതിയ ആരോഗ്യ മന്ത്രി നെൽസൺ ടീക് രാജിവച്ചു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പ്രസിഡന്റ് ജെയർ ബൊൽസൊനാരോയുമായുള്ള വിയോജിപ്പിനെ തുടർന്നാണ് രാജി. അടുത്തിടെയാണ് രാജ്യത്തെ ബ്യൂട്ടി പാർലറുകളും ജിംനേഷ്യങ്ങളും തുറക്കാൻ ബൊൽസൊനാരോ ഉത്തരവിട്ടത്. എന്നാൽ രാജ്യത്ത് കൊവിഡ് അതി തീവ്രതയിൽ തുടരുന്ന സാഹചര്യത്തിൽ ഇത്തരം നീക്കം വിപരീത ഫലമുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടി നെൽസൺ ബൊൽസൊനാരോയോട് വിയോജിപ്പ് അറിയിച്ചിരുന്നു. ഇരുവരും തമ്മിലുള്ള ഭിന്നതകളാകാം രാജിയിലേക്ക് നയിച്ചതെന്നാണ് അനുമാനം. മാദ്ധ്യമങ്ങൾക്ക് മുന്നിൽ താൻ രാജി വയ്ക്കുന്നതായി പ്രഖ്യാപിച്ച നെൽസൺ കാരണം വ്യക്തമാക്കിയില്ല. ബൊൽസൊനാരോയുടെ വിചിത്ര നടപടികളിൽ പരസ്യമായി പ്രതിഷേധിച്ചതിനാണ് മുൻ ആരോഗ്യമന്ത്രിയായിരുന്ന ലൂയിസ് ഹെൻറിക് മാൻഡെറ്റയെ നേരത്തെ പുറത്താക്കിയത്. കൊവിഡിനെ ചെറിയ പനിയെന്ന് വിശേഷിപ്പിക്കുന്ന ബൊൽസൊനാരോ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്ന ഉദ്യോഗസ്ഥരെയും ഗവർണർമാരെയും വിമർശിക്കുന്നത് പതിവാണ്. നിലവിൽ ഫ്രാൻസിനെയും ജർമനിയെയും പിന്തള്ളി ലോകത്ത് രോഗികളുടെ എണ്ണത്തിൽ ആറാം സ്ഥാനത്ത് എത്തിയിരിക്കുന്ന ബ്രസീലിൽ ഇതേവരെ 220,291 കൊവിഡ് കേസുകളും 14,962 മരണവുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ലാറ്റിനമേരിക്കയിലെ കൊവിഡ് ഹോട്ട്സ്പോട്ടായ ബ്രസീലിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 15,305 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്.