തിരുവനന്തപുരം: അന്യസംസ്ഥാനങ്ങളിൽ നിന്ന് നഗരസഭ പരിധിക്കുള്ളിലെത്തുന്നവരെ നിരീക്ഷിക്കാൻ വാർഡ് തല സമിതികൾ രൂപീകരിക്കാൻ ഇന്നലെ ചേർന്ന കൗൺസിലിൽ തീരുമാനിച്ചു. വാർഡ് കൗൺസിലറെ ചെയർമാനാക്കിയാണ് സമിതി രൂപീകരിക്കുക. കൗൺസിലിൽ ആരോഗ്യപ്രവർത്തകർ, ആശാ വർക്കർമാർ, സന്നദ്ധ സംഘടനകളുടെ അംഗങ്ങൾ, വിവിധ രാഷ്ട്രീയ പാർട്ടി അംഗങ്ങൾ എന്നിവരുണ്ടാകണമെന്ന് മേയർ കെ. ശ്രീകുമാർ പറഞ്ഞു. ക്വാറന്റൈൻ കൃത്യമായി പാലിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തുക, കൃത്യമായ നിർദ്ദേശങ്ങൾ നൽകുക എന്നതാണ് വാർഡ് സമിതിയുടെ ചുമതല. അന്യ സംസ്ഥാനങ്ങളിൽ നിന്ന് നഗരപരിധികളിലേക്ക് ആളുകൾ എത്തുന്നതായി സൂചനയുണ്ടെന്നും ഇക്കാര്യം നിരീക്ഷിക്കാൻ അഞ്ച് മോണിറ്ററിംഗ് കമ്മിറ്റികളെ നിയമിക്കാനും കൗൺസിലിൽ തീരുമാനമായി. കമ്മിറ്റിക്ക് നഗരസഭയുടെ ആരോഗ്യവിഭാഗവും വോളന്റിയർമാരും നേതൃത്വം നൽകും. തീരുമാനം കൗൺസിൽ ഐകകണ്ഠ്യേന പാസാക്കി.

പദ്ധതികളെച്ചൊല്ലി

കൗൺസിലിൽ തർക്കം

---------------------------------------------------------

വീടുകളിൽ മാലിന്യശേഖരണത്തിനായി ബിന്നുകൾ വാങ്ങുന്നത് സംബന്ധിച്ച് നഗരസഭ സർക്കാർ ടെൻഡർ നൽകാതെ സ്വകാര്യ കമ്പനിക്ക് നൽകിയതിനെച്ചൊല്ലി പ്രതിപക്ഷവും ഭരണപക്ഷവും തമ്മിൽ വാക്കുതർക്കമുണ്ടായി. 1.47 കോടി രൂപയ്ക്കാണ് ടെൻഡർ നൽകിയത്. സർക്കാർ കമ്പനികൾ ഉൾപ്പെടെ 8 കമ്പനികൾ ടെൻഡറിനുണ്ടായിരുന്നു. സർക്കാർ കമ്പനികളെപ്പോലും അവഗണിച്ച് സ്വകാര്യ കമ്പനിക്ക് നൽകിയത് എന്തിനെന്നായിരുന്നു ബി.ജെ.പി കൗൺസിലർ ഗിരികുമാറിന്റെ ചോദ്യം. കൃത്യമായ മാനദണ്ഡങ്ങളോട് കൂടിയാണ് ടെൻഡർ നൽകിയതെന്നും ബി.ജെ.പി വികസനത്തിന് എതിര് നിൽക്കുന്നെന്നും നഗരസരാസൂത്രണ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പാളയം രാജൻ മറുപടി നൽകി. ഈ കമ്പനിക്ക് മുൻകാല പരിചയമുണ്ടെന്നും വിദഗ്ദ്ധ സമിതിയുടെയും നിർദ്ദേശങ്ങളും കൂടി കണക്കിലെടുത്താണ് ടെൻഡർ നൽകിയതെന്നും മേയറും മറുപടി നൽകി. നഗരസഭയുടെ നേതൃത്വത്തിൽ ഒരു ലക്ഷം ഗ്രോബാഗുകൾ നൽകുന്നതിൽ കൗൺസിലർമാരെക്കൂടി പരിഗണിക്കണമെന്ന് കോൺഗ്രസ് കൗൺസിലർ ബീമാപള്ളി റഷീദ് ആവശ്യപ്പെട്ടു. എല്ലാവരെയും പരിഗണിച്ചാണ് ഇത് നടപ്പിക്കുന്നതെന്നും നഗരസഭയുടെ ഓൺലൈൻ ആപ്പ് വഴിയുള്ള പദ്ധതിയിൽ ഇതുവരെ 1.25 ലക്ഷം പേർ രജിസ്റ്റർ ചെയ്‌തെന്നും വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വഞ്ചിയൂർ ബാബു മറുപടി നൽകി. കൊവിഡ് 19 പ്രതിരോധത്തിനും ജനക്ഷേമ പദ്ധതികൾക്കുമാണ് ഇപ്പോൾ ഊന്നൽ നൽകേണ്ടതെന്നും ഇതിനായി എല്ലാവരും ഒരുമിച്ച് നിൽക്കണമെന്നും മേയർ കെ. ശ്രീകുമാർ പറഞ്ഞു.