ചിറയിൻകീഴ്: മംഗലാപുരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നാട്ടിൽ തിരിച്ചെത്താൻ സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന നൂറ് പ്രവാസികൾക്ക് വിമാന ടിക്കറ്റ് നൽകുന്ന പദ്ധതിയുടെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർവഹിച്ചു. പദ്ധതിയുടെ ആദ്യ ഗുണഭോക്താവ് അഴൂർ സ്വദേശി ഷിജു ധർമരാജൻ ആണ്. കന്റോൺമെന്റ് ഹൗസിൽ നടന്ന ചടങ്ങിൽ ടിക്കറ്റ് തുകയുടെ ചെക്ക് ഷിജുവിന്റെ ബന്ധുവായ സഞ്ചു സുന്ദരനു കൈമാറി. മംഗലാപുരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എച്ച്.പി. ഷാജി, പെരുങ്ങുഴി മണ്ഡലം പ്രസിഡന്റ് ശിവപ്രസാദ്, മേനംകുളം മണ്ഡലം പ്രസിഡന്റ് ടി. സഫീർ, പദ്ധതിയുടെ കോഓർഡിനേറ്റർ കണ്ണൻ, സുഹൈൽ ഷാജഹാൻ, അബ്ദുൽ അസ്സീസ് അഴൂർ തുടങ്ങിയവർ പങ്കെടുത്തു.