കൊല്ലം: കൊല്ലം - ചെങ്കോട്ട ദേശീയപാതയിലെ കല്ലുംതാഴം ജംഗ്ഷനു സമീപമുണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. നാലുപേർക്ക് പരിക്കേറ്റു. കൊല്ലം മങ്ങാട് നഗർ കായൽവാരത്ത് മാധവപ്പള്ളി വീട്ടിൽ സന്തോഷാണ് (49) മരിച്ചത്. കൊല്ലത്തുനിന്ന് കരിക്കോട്ടേക്കു പോയ ടി.കെ.എം എൻജിനിയറിംഗ് കോളേജ് റിട്ട. പ്രൊഫസർ സഞ്ചരിച്ച കാർ ,പാലക്കടവിന് സമീപത്ത് ബൈക്കുമായി കൂട്ടിമുട്ടിയ ശേഷം അമ്പത് മീറ്ററോളം മുന്നോട്ട് നീങ്ങി എതിർദിശയിൽ വരികയായിരുന്ന സന്തോഷിന്റെ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. തെറിച്ചുവീണ സന്തോഷ് പെട്ടി ആട്ടോയ്ക്കും കാറിനുമിടയിൽപ്പെട്ട് മരിച്ചു. പെട്ടി ആട്ടോയിൽ സഞ്ചരിച്ച പള്ളിമുക്ക് സ്വദേശികളായ മൂന്നുപേരെ ജില്ലാ ആശുപത്രിയിലും മറ്റൊരാളെ കൊല്ലത്തെ സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സന്തോഷിന്റെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. കർഷകനായിരുന്നു. സ്മിതയാണ് ഭാര്യ. മകൾ: ദേവി.