നാഗർകോവിൽ: കന്യാകുമാരി ജില്ലയിൽ ഇന്നലെ ആറ് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതോടെ ജില്ലയിൽ രോഗബാധിതരുടെ എണ്ണം 37 ആയി. ചെന്നൈയിൽ നിന്നുവന്ന കുഴിത്തുറ, നെല്ലിവിള സ്വദേശിയായ യുവതി, തിരുവിതാംകോട് കേരളപുരം സ്വദേശിയായ യുവാവ് എന്നിവർക്കും മാലിദ്വീപിൽ നിന്നുള്ള നാലുപേർക്കുമാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ചെന്നൈയിൽ നിന്നെത്തിയ രണ്ടുപേരെ ആരുവാമൊഴിയിൽ സ്ഥാപിച്ചിട്ടുള്ള ചെക്ക്‌പോസ്റ്റിലാണ് പരിശോധിച്ചത്. തുടർന്ന് വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ നിർദ്ദേശിക്കുകയായിരുന്നു. മാലിദ്വീപിൽ നിന്നെത്തിയവരെ സ്രവ സാമ്പിളുകൾ എടുത്ത ശേഷം കന്യാകുമാരിയിലെ ലോഡ്‌ജിൽ ക്വാറന്റൈൻ ചെയ്യുകയായിരുന്നു. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ഇവരെ ആശാരിപ്പള്ളം മെഡിക്കൽ കോളേജിലെ കൊവിഡ് ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. ജില്ലയിൽ ഇതുവരെ 16പേർ രോഗമുക്തരായി. ജില്ലയിൽ കൊവിഡ് ബാധിച്ച് ഒരാളാണ് മരിച്ചത്.