തിരുവനന്തപുരം: ഇന്നത്തെ സമ്പൂർണ ലോക്ക് ഡൗൺ കുറ്റമറ്റ രീതിയിൽ നടപ്പാക്കണമെന്നും അവശ്യസേവനങ്ങളുമായി ബന്ധപ്പെട്ട് മാത്രമേ ജനങ്ങളെ പുറത്തിറങ്ങാൻ അനുവദിക്കാവൂവെന്നും ജില്ലാ പൊലീസ് മേധാവിമാർക്ക് ഡി.ജി.പി ലോക്‌നാഥ് ബെഹ്റ നിർദ്ദേശം നൽകി. വയനാട് ഉൾപ്പെടെയുള്ള കണ്ടെയ്ൻമെന്റ് മേഖലകളിൽ കർശനമായ നിയന്ത്റണങ്ങൾ ഏർപ്പെടുത്തി. മെഡിക്കൽ ആവശ്യങ്ങൾക്കും അവശ്യസാധന വിതരണത്തിനും മാത്രമേ യാത്രകൾ അനുവദിക്കൂ. ചെങ്കൽ ഖനന മേഖലകളിലേക്ക് കർണാടകയിൽ നിന്ന് ഊടുവഴികളിലൂടെ അന്യസംസ്ഥാന തൊഴിലാളികളെത്തുന്നത് തടയും. അതിർത്തി ചെക്ക്പോസ്റ്റുകളിൽ പരിശോധന ശക്തിപ്പെടുത്തും. മതപരമായ ചടങ്ങുകൾ, ജാഥകൾ, ജനക്കൂട്ടങ്ങൾ, ആഘോഷ പരിപാടികൾ എന്നിവ അനുവദിക്കില്ല. നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും.