keralam

തിരുവനന്തപുരം: കൊവിഡ് വ്യാപനം സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സംസ്ഥാനം കടുത്ത ചെലവ് ചുരുക്കൽ നടപടിയിലേക്ക് നീങ്ങുന്നു. വരുമാന വർദ്ധനവിന് പുതിയ വഴികൾ തേടും.അതേസമയം,ആരോഗ്യ, സാമൂഹ്യക്ഷേമ പദ്ധതിവിഹിതം കുറയ്ക്കില്ല.

സാമ്പത്തിക പ്രവർത്തനങ്ങൾ പുനരാരംഭിച്ചാലും പ്രതീക്ഷിച്ചിരുന്ന വരുമാനത്തിൽ 33,​455 കോടിയുടെ കുറവുണ്ടാകുമെന്നാണ് ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിന്റെ പഠന റിപ്പോർട്ട്. ഇതിനുപുറമേ,ഗൾഫിൽ നിന്നുള്ള വരുമാനവും കുറയും.

വരുമാന മാർഗങ്ങൾ അടയുകയും, ഉടനേ പുതിയ വരുമാനം കണ്ടെത്താൻ കഴിയാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ചെലവുകൾ പരമാവധി വെട്ടിച്ചുരുക്കുകയാണ് പോംവഴി. ഇത് ഏതൊക്കെയെന്ന് തീരുമാനിക്കാൻ സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡിസ് ഡയറക്ടർ പ്രൊഫ.സുനിൽ മാണി ചെയർമാനായി രൂപീകരിച്ച കമ്മിറ്റി ജൂൺ 5ന് ഇടക്കാല റിപ്പോർട്ടും 30ന് അന്തിമ റിപ്പോർട്ടും സമർപ്പിക്കും.

വെട്ടിച്ചുരുക്കുന്നവ

*സർക്കാർ ജീവനക്കാരുടെ ശമ്പളം, സർവീസ് പെൻഷൻ, സാമൂഹ്യ പെൻഷനുകൾ എന്നിവ ഒഴികെയുള്ള ചെലവുകൾ

*പ്രളയകാലത്തേതുപോലെ സംസ്ഥാന പദ്ധതികളുടെ തുക

*തദ്ദേശ സ്ഥാപനങ്ങൾക്കുള്ള വിഹിതം.

പാക്കേജുകൾ

മാറ്റിവച്ചേക്കും

* പശ്ചാത്തല വികസന പദ്ധതികൾ കിഫ്ബിയിൽ ഒതുങ്ങും.

* സംസ്ഥാന ബഡ്ജറ്റിൽ പ്രഖ്യാപിച്ച പാക്കേജുകൾ പലതും മരവിപ്പിച്ചേക്കും. തീരദേശം- 350 കോടി​ , വയനാട് -500 കോടി, ഇടുക്കി -1000 കോടി​,കാസർകോട്- 100 കോടി പാക്കേജുകളുടെ കാര്യത്തിൽ അനിശ്ചിതത്വം.

*കുട്ടനാട് പാക്കേജിനുള്ള 2400 കോടിയിൽ കിഫ്ബി വഴിയുള്ളത് നടക്കും.

മറ്റ് സാദ്ധ്യതകൾ

* അത്യാവശ്യമല്ലാത്ത തസ്തികകൾ കുറയ്ക്കും

* എയ്ഡഡ് സ്കൂളുകളിലെ അദ്ധ്യാപക നിയമനത്തിൽ കർശന നിയന്ത്രണം.

* സർക്കാർ വാഹനങ്ങളുടെ ദുരുപയോഗം തടയും.

* സർക്കാർ ഓഫീസുകളുടെ അമിത വാടക കുറയ്ക്കാൻ സ്ഥല നിയന്ത്രണം.

* സമാനമായി പ്രവർത്തിക്കുന്ന ബോ‌ർഡുകൾ, കോർപ്പറേഷനുകൾ,​ കമ്മിഷനുകൾ ഏകോപിപ്പിക്കും

* കൂടുതൽ സേവനങ്ങൾ ഓൺലൈനിലേക്ക്.

വരുമാനം കൂട്ടാൻ

* പാട്ടത്തുക വർദ്ധിപ്പിക്കൽ.

*സർക്കാർ സേവനങ്ങൾക്ക് കൂടുതൽ ഫീസ്.