bev

തിരുവനന്തപുരം: ലോക്ക് ഡൗണിനെ തുടർന്ന് അടച്ചിട്ട മദ്യ വില്പനശാലകൾ ഈയാഴ്ച തുറന്നേക്കും. ബാറുകളിൽ കൗണ്ടർ വഴി ബിവറേജസ് ഒൗട്ട‌്‌ലെറ്റിലെ അതേവിലയ്ക്ക് പാഴ്സൽ നൽകും. മദ്യശാല തുറക്കൽ ബുധനാഴ്ച മന്ത്രിസഭായോഗം ചർച്ച ചെയ്യും. അനുമതി നൽകിയാൽ വ്യാഴം മുതൽ തുറക്കും. ബെവ്കോയുടെയും കൺസ്യൂമർഫെഡിന്റെയുമടക്കം 301 ഔട്ട്‌‌ലെറ്റുകൾ ഒരുമിച്ച് തുറക്കുമെന്ന് എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്‌ണൻ നേരത്തെ വ്യക്തമാക്കിയിരുന്നു.

അതിനിടെ ബാർ ലൈസൻസ് ഫീസിൽ ഇളവ് ആവശ്യപ്പെട്ട് ബാറുടമകളുടെ അസോസിയേഷൻ എക്‌സൈസ് മന്ത്രിക്ക് നിവേദനം നൽകി. പുതിയ അബ്കാരി നയത്തിൽ ഫീസ് 28 ലക്ഷത്തിൽ നിന്ന് 30 ലക്ഷമാക്കിയിരുന്നു. അടഞ്ഞു കിടന്ന മാർച്ചു മുതൽ ലൈസൻസ് ഫീസിൽ ആനുപാതിക ഇളവാണ് ആവശ്യം. ലൈസൻസ് ഫീസ് അടച്ചാലേ പാഴ്സൽ വില്പനയും സാദ്ധ്യമാകൂ.

ബാറുകൾ അടച്ചിടാൻ സർക്കാർ തീരുമാനിച്ചാൽ ലൈസൻസ് ഫീസിൽ ഇളവ് വരുത്തണമെന്ന 2006ലെ സുപ്രീംകോടതി വിധിയും ബാറുടമകൾ ചൂണ്ടിക്കാട്ടുന്നു. ബാറുടമകളുടെ ആവശ്യവും മന്ത്രിസഭ ചർച്ച ചെയ്യും. ലൈസൻസ് ഫീസ് അടയ്ക്കാൻ 31 വരെ സമയം അനുവദിച്ചിട്ടുണ്ട്.

ആപ്പിന്റെ ട്രയൽ റൺ ഉടൻ
മദ്യം വാങ്ങാനുള്ള തിരക്ക് കുറയ്ക്കുന്നതിനായി ബെവ്കോ ഒരുക്കുന്ന ആപ്പിന്റെ ട്രയൽ റൺ ചൊവ്വാഴ്‌ച നടന്നേക്കും. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫെയർകോഡ് എന്ന കമ്പനിയാണ് ആപ്പ് വികസിപ്പിച്ചത്. പ്ളേ സ്റ്റോറിലും ഐ.ഒ.എസിലും ആപ്പ് ലഭ്യമാക്കും. ഇതിനായി ആപ്പിന്റെ സുരക്ഷാപരിശോധനകൾ പൂർത്തിയാക്കി അംഗീകാരം നേടണം.