പാറശാല: കതിർമണ്ഡപത്തിൽ നിന്നെത്തിയ വധൂവരന്മാർ ക്വാറന്റൈനിലേക്ക് മടങ്ങി. കൊവിഡ് കാലത്ത് വിവാഹിതരായ ശ്രീകാര്യം സ്വദേശി നിനു ശരത്തും മധുര സ്വദേശിനി മീനയുമാണ് ജീവിതത്തിന്റെ തുടക്കം ക്വാറന്റൈനിൽ ആകട്ടെയെന്ന് തീരുമാനിച്ചത്. നേരത്തെ തീരുമാനിച്ചിരുന്ന പല വിവാഹങ്ങളും അപ്രതീക്ഷിതമായി എത്തിയ കൊവിഡിനെ തുടർന്ന് മറ്റൊരു അവസരത്തിലേക്ക് മാറ്റി വച്ചെങ്കിലും തങ്ങളുടെ വിവാഹം നിശ്ചയിച്ച മുഹൂർത്തത്തിൽ തന്നെ നടത്താൻ തീരുമാനിക്കുകയായിരുന്നു. മധുരയിലെ മീനുവിന്റെ വീട്ടിൽ വച്ച് കഴിഞ്ഞ 15നായിരുന്നു വിവാഹം. തുടർന്നാണ് പെണ്ണും ചെറുക്കനും ബന്ധുക്കളുമൊത്ത് ശ്രീകാര്യത്തെ ചെറുവയ്ക്കലിലെ വരന്റെ വീട്ടിലെത്തിയത്. അതിർത്തിയിലെ കൊവിഡ് പരിശോധന കേന്ദ്രത്തിൽ പരിശോധന പൂർത്തിയാക്കിയ ശേഷം 14 ദിവസത്തെ ഹൗസ് ക്വാറന്റൈനിൽ തുടരാൻ നിർദ്ദേശിച്ചത് പാലിക്കാൻ ഇരുവരും തീരുമാനിക്കുകയിരുന്നു.