k-surendran

തിരുവനന്തപുരം: പ്രവാസികൾ വരുമ്പോൾ രോഗം പടരുന്നത് തടയാൻ ഒന്നും ചെയ്യാതെ മുഖ്യമന്ത്രി പിണറായി വിജയനും പരിവാരങ്ങളും സ്വന്തം കഴിവുകേട് മറയ്ക്കാൻ കേന്ദ്രസർക്കാരിനെ കുറ്റം പറയുകയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ കുറ്രപ്പെടുത്തി. കേരളത്തിലെ അപര്യാപ്തതകൾ കേന്ദ്ര മന്ത്രി വി.മുരളീധരൻ ചൂണ്ടിക്കാട്ടിയപ്പോൾ എല്ലാം സജ്ജമാണെന്ന് പറഞ്ഞ് ജനങ്ങളെയാകെ വഞ്ചിക്കുകയാണ് സർക്കാർ ചെയ്തത്. വിദേശത്തു നിന്നു വരുന്നവരെ 14 ദിവസം സർക്കാർ നിയന്ത്രണത്തിൽ നിരീക്ഷണത്തിലാക്കണമെന്ന കർശന നിർദ്ദേശത്തിൽ വെള്ളം ചേർത്തു. രോഗനിരീക്ഷണ മാനദണ്ഡങ്ങൾ ലംഘിക്കുകയും സജ്ജീകരണങ്ങൾ ഒരുക്കാതിരിക്കുകയും ചെയ്തതിലൂടെ കേരളം വലിയ അപകടത്തിലേക്കാണ് നീങ്ങുന്നത്. കൊറോണയുടെ മൂന്നാം ഘട്ടവ്യാപനം അപകടകരമായിരിക്കുമെന്ന ആരോഗ്യവകുപ്പ് മന്ത്രിയുടെ പ്രസ്താവന മുൻകൂർ ജാമ്യമെടുക്കലാണെന്നും അതിവേഗം രോഗം പടരാനുള്ള സാഹചര്യമാണ് സർക്കാർ സൃഷ്ടിച്ചിരിക്കുന്നതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.