തിരുവനന്തപുരം: കൊവിഡ് പരിശോധന നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കിയാലേ പ്രതികളെ റിമാൻഡിൽ ജയിലുകളിൽ പാർപ്പിക്കാനാവൂ എന്ന് ജയിൽ മേധാവി ഋഷിരാജ് സിംഗ്. റിമാൻഡ് പ്രതികൾക്ക് ആദ്യം കൊവിഡ് പരിശോധന നടത്തണമെന്നും ഫലം വരുന്നതു വരെ ജില്ലാ തലത്തിലെ കൊവിഡ് നിരീക്ഷണ കേന്ദ്രത്തിൽ പാർപ്പിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. കൊവിഡ് രോഗ വ്യാപന സാദ്ധ്യത കണക്കിലെടുത്ത് ഇന്നലെ മുഖ്യമന്ത്രിയെ കണ്ട് വിവരങ്ങൾ ധരിപ്പിച്ച ശേഷമാണ് പൊലീസ്, എക്സൈസ്, വനം വകുപ്പുകൾക്ക് ഋഷിരാജ് നിർദ്ദേശം കൈമാറിയത്. ഹൈക്കോടതിയിയെയും വിവരം അറിയിച്ചിട്ടുണ്ട്. നിലവിൽ തടവുകാർക്ക് രോഗബാധയില്ല. ജയിലുകളിൽ 6300 തടവുകാരും 1600 ജീവനക്കാരുമുണ്ട്. പരിശോധന നടത്താതിരുന്ന ഡൽഹി രോഹിണി ജയിലിലുലം മഹാരാഷട്രയിലെ ജയിലുകളിലും കൊവിഡ് ബാധയുണ്ടായി. റിമാൻഡ് പ്രതികളെ പാർപ്പിക്കുന്നതിനായി പ്രത്യേക നിരീക്ഷണ കേന്ദ്രങ്ങൾ ഒരുക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടർമാർക്കും കത്തു നൽകി.