തിരുവനന്തപുരം: വെള്ളിയാഴ്ച രാത്രിയിലുണ്ടായ ശക്തമായ മഴയിലും കാറ്റിലും ജില്ലയിൽ വ്യാപക കൃഷിനാശം. പലയിടത്തും കൃഷിയിടങ്ങളിൽ വെള്ളം കയറി. നഗരത്തിൽ മണിക്കൂറുകളോളം തകർത്തുപെയ്‌ത മഴയിൽ താഴ്ന്ന സ്ഥലങ്ങൾ വെള്ളത്തിനടിയിലായി. മരങ്ങൾ കടപുഴകിയതോടെ പലയിടത്തും മണിക്കൂറുകളോളം ഗതാഗത തടസമുണ്ടായി. ശക്തമായ ഇടിമിന്നലിൽ പല വീടുകളിലും ഗൃഹോപകരണങ്ങൾ നശിച്ചു. നിരവധി സ്ഥലങ്ങളിൽ പോസ്റ്റുകൾ തകർന്നത് വൈദ്യുതി ബന്ധം തകരാറിലാക്കി. രാജ്ഭവന് മുന്നിൽ ആൽമരം റോഡിന് കുറുകെ ഒടിഞ്ഞുവീണ് ഗതാഗതം തടസപ്പെട്ടു. ശക്തമായ ഇടിമിന്നലിൽ നിരവധി വീടുകളിൽ ടി.വിയും ഫാനും ഉൾപ്പെടെയുള്ള ഗൃഹോപകരണങ്ങൾ നശിച്ചു. നെടുമങ്ങാട് നഗരസഭയിൽ ക്വറന്റൈനിൽ കഴിയുന്ന വ്യക്തിയുടെ വീട്ടിൽ വെള്ളം കയറി. കാട്ടാക്കട വിളവൂർക്കലിൽ ഒരു വീടിന്റെ മതിൽ ഇടിഞ്ഞുവീണു. ചിറയിൻകീഴ് താലൂക്കിലെ നഗരൂരിൽ വീടിന്റെ ഒരു ഭാഗം തകർന്നുവീണു. മുട്ടട, വയലിക്കട, അമ്പലംമുക്ക്, വിഴിഞ്ഞം വെള്ളാർ ഭാഗത്തെ താഴ്ന്ന സ്ഥലങ്ങൾ, വിഴിഞ്ഞം അടിമലത്തുറ തുടങ്ങിയ തീരദേശ മേഖലയിലും വെള്ളം കയറി. വേളി വലിയതുറ മേഖലയിൽ കടൽക്ഷോഭമുണ്ടായി. കൃഷിനാശത്തിന്റെ കണക്കുകൾ ശേഖരിച്ചുവരുന്നതായി അധികൃതർ പറഞ്ഞു.