issac

തിരുവനന്തപുരം: കേന്ദ്രസർക്കാ‌ർ പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ പാക്കേജ് കൂടുതൽ പ്രഹസനമാവുകയാണെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. വാങ്ങൽ കഴിവിന്റെ തകർച്ച പരിഹരിക്കാൻ ജനങ്ങളുടെ കൈയിൽ പണം എത്തിക്കാൻ തുച്ഛമായ തുകയാണ് നീക്കിവച്ചിരിക്കുന്നത്. ഇപ്പോഴുള്ള കടഭാരം ലഘൂകരിക്കാൻ പദ്ധതിയില്ലെന്നും കോർപ്പറേറ്റുകളെ പ്രീതിപ്പെടുത്താനുള്ള പ്രഖ്യാപനങ്ങൾ വന്നുകൊണ്ടിരിക്കുകയാണെന്നും ഐസക് പറഞ്ഞു. പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ പൊതു ആരോഗ്യ മേഖലയ്ക്ക് വലിയ പിന്തുണ ഉണ്ടാകുമെന്ന് കരുതിയെങ്കിലും അതിനുപകരം സ്വകാര്യ ആശുപത്രികൾക്ക് വയബലിറ്റി ഗ്യാപ് ഫണ്ടിംഗ് എന്ന പേരിൽ മുതൽമുടക്കിന്റെ 30 ശതമാനം നൽകാൻ 8100 കോടി രൂപ മാറ്റിവച്ചിട്ടുണ്ട്. 50 കൽക്കരി ബ്ലോക്കുകൾ ലേലത്തിൽ വയ്ക്കുന്നത് കോൾ ഇന്ത്യ ലിമിറ്റഡ് എന്ന പൊതുമേഖലാ സ്ഥാപനത്തിന്റെ കഥ കഴിക്കും. ഈ ഖനികളിൽ നിന്ന് റെയിൽവേയിലേയ്ക്ക് ധാതുക്കളും മറ്റും കൊണ്ടുപോകാനുള്ള പശ്ചാത്തലസൗകര്യങ്ങൾക്ക് 50,000 കോടി രൂപ കേന്ദ്രസർക്കാർ മുടക്കുമെന്നും ഐസക് പറ‌ഞ്ഞു.