kpcc-

തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവർത്തനത്തിൽ സർക്കാരിന്റെ വീഴ്ചകൾ പ്രതിപക്ഷം തുറന്നു കാട്ടുമ്പോൾ, പാർട്ടിയിലെ ചില നേതാക്കൾ സർക്കാരിനെ പുകഴ്ത്തി കൈയടി നേടാൻ ശ്രമിക്കുന്നത് ഗുണകരമല്ലെന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി യോഗത്തിൽ വിമർശനം.

സർക്കാരിനെ പുകഴ്ത്തി ലേഖനമെഴുതിയ ശശി തരൂരിനെയും പി.ജെ. കുര്യനെയും സൂചിപ്പിച്ചാണ് രാഷ്ട്രീയം മറന്നുപോകരുതെന്ന മുന്നറിയിപ്പ് പി.സി. വിഷ്ണുനാഥും ഷാനിമോൾ ഉസ്മാനും നൽകിയത്. സർക്കാരിനെ വിമർശിക്കുന്നതിന്റെ പേരിൽ സി.പി.എം സൈബർ പോരാളികൾ കടുത്ത ആക്ഷേപം ചൊരിയുമ്പോഴാണ് മറ്റ് ചിലർ സർക്കാരിനെ പുകഴ്ത്തി ഗുഡ് സർട്ടിഫിക്കറ്റ് നേടാൻ ശ്രമിക്കുന്നതെന്നായിരുന്നു വിമർശനം.

കൊവിഡ് പ്രതിരോധത്തിൽ സർക്കാരിന്റെ പ്രഖ്യാപനങ്ങളിൽ പലതും നടപ്പാകുന്നില്ലെന്ന് തുറന്നുകാട്ടാനാവണം. സ്പ്രിൻക്ലർ വിഷയമേറ്റെടുത്ത് ശക്തമായി പാർട്ടി മുന്നോട്ട് പോകണമായിരുന്നു. പ്രവാസികളെയും മറ്റും മരണത്തിന്റെ വ്യാപാരികളെന്ന് വിളിച്ച് സി.പി.എം നടത്തുന്ന പ്രചാരണത്തിനെതിരെ ശക്തമായി രംഗത്തുവരും.

പാർട്ടിയുമായി ബന്ധപ്പെട്ട സുപ്രധാന വിഷയങ്ങളിൽ മൂന്ന് നേതാക്കൾ മാത്രം ചേർന്ന് തീരുമാനമെടുക്കാതെ എല്ലാവരുമായും കൂടിയാലോചിക്കണമെന്ന് വി.ഡി. സതീശൻ പറഞ്ഞു. കെ.പി.സി.സിക്ക് ജംബോ പട്ടിക വേണ്ടെന്ന് പി.ജെ.കുര്യനും കെ.മുരളീധരനും പറഞ്ഞു. തൃശൂർ, കോഴിക്കോട് ഡി.സി.സികൾക്ക് അടിയന്തരമായി പൂർണസമയ പ്രസിഡന്റുമാരെ വേണം. കെ.പി.സി.സി ഭാരവാഹികളുടെ സംഘടനാചുമതല എത്രയും വേഗം അത് തീരുമാനിക്കണം.

തദ്ദേശതിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ കേരള കോൺഗ്രസിലെ തർക്കം പരിഹരിച്ചില്ലെങ്കിൽ ദോഷമാകും.

തദ്ദേശ തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥി നിർണയത്തിന് വാർഡ് കമ്മിറ്റികളുടെ അഭിപ്രായത്തിന് മുൻഗണന നൽകാനും ധാരണയായി.