തിരുവനന്തപുരം: കാലവർഷത്തിന് മുന്നോടിയായി നഗരത്തിലെ ഓടകളിൽ അടിഞ്ഞുകൂടിയിരിക്കുന്ന ചെളിയും മാലിന്യങ്ങളും നീക്കംചെയ്‌ത് ജലമൊഴുക്ക് സുഗമമാക്കാൻ ആവശ്യമായ തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് വി.എസ്. ശിവകുമാർ എം.എൽ.എ പൊതുമരാമത്ത് മന്ത്രിക്ക് കത്തുനൽകി. വേനൽമഴയിൽ തമ്പാനൂർ, കിഴക്കേകോട്ട ഉൾപ്പെടെ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിലുള്ള ആയിരക്കണക്കിന് വീടുകളാണ് വെള്ളത്തിനടിയിലായത്. നഗരസഭ കേരള റോഡ് ഫണ്ട് മുഖേന ഏറ്റെടുത്തിട്ടുള്ള എസ്.എസ് കോവിൽ റോഡിലെ ഓട നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കാത്തതുകൊണ്ടാണ് തമ്പാനൂർ, തോപ്പ് പ്രദേശങ്ങളിൽ വെള്ളപ്പൊക്കമുണ്ടായത്. നിർമ്മാണ പ്രവർത്തനങ്ങൾ അടിയന്തരമായി പൂർത്തിയാക്കണമെന്നും നഗരസഭയുടെ അധീനതയിലെ മുഴുവൻ ഓടകളിലെയും ജലമൊഴുക്ക് സുഗമമാക്കണമെന്നുമാവശ്യപ്പെട്ട് മേയർക്കും എം.എൽ.എ കത്തുനൽകി.