space-park

തിരുവനന്തപുരം: ബഹിരാകാശ ശാസ്ത്രമേഖലയിൽ സ്വകാര്യവത്കരണം അനുവദിച്ചുള്ള കേന്ദ്ര പ്രഖ്യാപനം തിരുവനന്തപുരം പള്ളിപ്പുറത്ത് സർക്കാർ നിയന്ത്രണത്തിൽ ഒരുങ്ങുന്ന രാജ്യത്തെ ആദ്യ സ്പെയ്സ് പാർക്കിന് വൻ നേട്ടമാവും. വൻകിട സ്ഥാപനങ്ങളെ ക്ഷണിച്ച് നിക്ഷേപം വൻതോതിൽ ആകർഷിക്കാം. ഒട്ടേറെ തൊഴിലവസരവുമുണ്ടാകും.

സ്വകാര്യ സംരംഭകർക്ക് പാർക്കിൽ ബഹിരാകാശ ഗവേഷണവുമായി ബന്ധപ്പെട്ട വ്യവസായങ്ങൾ തുടങ്ങാനാകും. ഉപദേശവും സാങ്കേതിക പിന്തുണയും ഐ.എസ്.ആർ.ഒ നൽകും. ഇവിടെ നിന്നുള്ള ഉത്പന്നങ്ങൾ പ്രയോജനകരമെങ്കിൽ സംരംഭകരിൽ നിന്ന് ഐ.എസ്.ആർ.ഒ നേരിട്ടു വാങ്ങും. ഉത്പന്നങ്ങൾക്ക് വിദേശവിപണി കണ്ടെത്താനുള്ള സഹായവും പാർക്ക് ഒരുക്കും.

പള്ളിപ്പുറത്തെ ടെക്‌നോ സിറ്റിക്ക് സമീപം 22 ഏക്കർ സ്ഥലത്ത് നിർമ്മാണത്തിന്റെ 70 ശതമാനവും പൂർത്തിയായി. ഏപ്രിലിൽ നടത്താനിരുന്ന ഉദ്ഘാ‌ടനം ലോക്ക് ഡൗൺ മൂലം മാറ്റിവയ്ക്കുകയായിരുന്നു.

രണ്ടുവർഷം മുമ്പാണ് മുഖ്യമന്ത്രി പിണറായി വിജയൻ പാർക്കിന് തുടക്കമിട്ടത്. കഴിഞ്ഞ ആഗസ്റ്റിൽ ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ.കെ.ശിവന്റെ സാന്നിദ്ധ്യത്തിൽ വി.എസ്.എസ്.സി.ഡയറക്ടർ ഡോ.എസ്. സോമനാഥുമായി ധാരണാപത്രവും ഒപ്പുവച്ചു. സ്‌പെയ്സ്, ഏറോസ്പെയ്സ് മേഖലയ്ക്കാവശ്യമായ സൂക്ഷ്മ ഉപകരണങ്ങൾ നിർമിക്കാൻ താത്പര്യം പ്രകടിപ്പിച്ച് നിരവധി സംരംഭകർ ഇതിനകം മുന്നോട്ടുവന്നിട്ടുണ്ട്. ഇനി വലിയ അന്താരാഷ്ട്ര കമ്പനികളെ വരെ ക്ഷണിക്കാനാകും.

സർക്കാർ അനുവദിച്ച സ്ഥലത്ത് ഡോ.എ.പി.ജെ. അബ്ദുൾ കലാം നോളജ് സെന്ററും സ്പെയ്സ് മ്യൂസിയവും ഐ.എസ്.ആർ.ഒ സ്ഥാപിക്കും. 100 കോടി രൂപയാണ് ചെലവ്.

പാർക്കിൽ നിക്ഷേപകരെ ആകർഷിക്കാൻ കഴിഞ്ഞ ഫെബ്രുവരിയിൽ കോവളത്ത് അന്താരാഷ്ട്ര ബഹിരാകാശ ശാസ്ത്ര വ്യവസായ സമ്മേളനം നടത്തിയപ്പോൾ മികച്ച പ്രതികരണമായിരുന്നു.

ഇതുവരെ

ഉപഗ്രഹങ്ങൾ, റോക്കറ്റുകൾ എന്നിവയ്ക്കുള്ള നിർമ്മാണ സാമഗ്രികളും യന്ത്രഭാഗങ്ങളും സോഫ്റ്റ് വെയറുകളും നിർമ്മിക്കുന്ന സ്ഥാപനങ്ങളാണ് സ്പെയ്സ് പാർക്കിൽ നിക്ഷേപം നടത്താൻ മുന്നോട്ട് വന്നിരുന്നത്.

ഇനി

റോക്കറ്റ്, ഉപഗ്രഹങ്ങൾ, എന്നിവ നിർമ്മിക്കുകയും വിക്ഷേപിക്കുകയും രാജ്യങ്ങൾക്കും സ്ഥാപനങ്ങൾക്കും വേണ്ടി വിക്ഷേപിക്കുകയും ചെയ്യുന്ന വൻകിട അന്താരാഷ്ട്ര കമ്പനികൾ സ്പെയ്സ് പാർക്കിൽ എത്തും.

ഐ.എസ്.ആർ.ഒയ്ക്ക് ഉണ്ടാകുന്ന നേട്ടം

1. ലോകത്ത് ഏറ്റവും ചെലവ് കുറഞ്ഞ വിക്ഷേപണ സൗകര്യമാണ് ഇന്ത്യയിൽ. കൂടുതൽ വിക്ഷേപണം നടത്താനും വിദേശങ്ങളിൽ നിന്നുള്ള സ്ഥാപനങ്ങളെ വിക്ഷേപണത്തിന് ആകർഷിക്കാനുമാവും

2. ശ്രീഹരിക്കോട്ടയിൽ പുതുതായി നിർമ്മിക്കുന്ന ഒരു ലോംഞ്ച് പാഡും തമിഴ്നാട്ടിലെ കുലശേഖരപട്ടണത്ത് നിർമ്മിക്കുന്ന റോക്കറ്റ് വിക്ഷേപണകേന്ദ്രവും സ്വകാര്യമേഖലയ്ക്കും ഉപയോഗിക്കാം

3. ഉപഗ്രഹം നിർമ്മിച്ചു നൽകാൻ സ്വകാര്യസ്ഥാപനങ്ങൾക്ക് അവസരം. ഉപഗ്രഹങ്ങളിൽ നിന്ന് ലഭിക്കുന്ന ഡാറ്റയും സ്വകാര്യ സ്ഥാപനങ്ങൾക്ക് ലഭ്യമാകും