തിരുവനന്തപുരം: വന്ദേ ഭാരത് മിഷൻ രണ്ടാംഘട്ടത്തിന്റെ ഭാഗമായി 182 യാത്രക്കാരുമായി അബുദാബിയിൽ നിന്നുള്ള പ്രത്യേക വിമാനം ഇന്നലെ രാത്രി 11.15ഓടെ തിരുവനന്തപുരത്തെത്തി. 10.40ന് എത്തേണ്ട വിമാനം അരമണിക്കൂറോളം വൈകിയാണ് എത്തിയത്. 133 പുരുഷന്മാർ, 18 ഗർഭിണികൾ അടക്കം 37 സ്ത്രീകൾ,​ ഏഴ് കുട്ടികൾ, അഞ്ച് കൈക്കുഞ്ഞുങ്ങൾ എന്നിവരുൾപ്പെടെ 182പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതിൽ 77പേർ തിരുവനന്തപുരം സ്വദേശികളാണ്. കൊല്ലം ജില്ലക്കാരായ 48പേരും പത്തനംതിട്ട സ്വദേശികളായ 18 പേരും കോട്ടയം സ്വദേശികളായ അഞ്ചു പേരും ആലപ്പുഴ സ്വദേശികളായ പത്തുപേരും തൃശൂർ സ്വദേശികളായ രണ്ടു പേരും എറണാകുളം, ഇടുക്കി, കണ്ണൂർ, തമിഴ്നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നുള്ള ഓരോ ആളും സംഘത്തിലുണ്ട്. 17 പേരുടെ സ്വദേശം വ്യക്തമല്ല. യാത്രക്കാരിൽ 63 പേർ അത്യാസന്ന രോഗികളാണ്. ജോലി നഷ്ടപ്പെട്ട 87 പേരും ടൂറിസ്റ്റ് വിസയിൽ യു.എ.ഇയിൽ കുടുങ്ങിയ 9 പേരുമുണ്ട്. പ്രവാസികളെ മടക്കിക്കൊണ്ടുവരുന്ന വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് എത്തുന്ന രണ്ടാമത്തെ വിമാനമാണിത്. അബുദാബിയിൽ നിന്ന് ഇന്നലെ രാത്രി 7.30ന് പുറപ്പെട്ട ഐ.എക്‌സ് - 0538 വിമാനത്തിൽ പ്രവാസികളെ യാത്ര അയയ്ക്കാൻ യു.എ.ഇയിലെ ഇന്ത്യൻ സ്ഥാനപതി പവൻ കപൂറും എംബസി ഉദ്യോഗസ്ഥരും അബുദാബി വിമാനത്താവളത്തിലെത്തിയിരുന്നു. വിമാനത്തിൽ വന്നിറങ്ങിയ യാത്രക്കാരെ ജില്ലാടിസ്ഥാനത്തിൽ 20 പേരടങ്ങുന്ന സംഘങ്ങളാക്കിയാണ് വിമാനത്താവളത്തിലേക്ക് കടത്തിയത്. യാത്രക്കാരുടെ പരിശോധനുടെ ഭാഗമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ അതിവേഗത്തിൽ ശരീരോഷ്‌മാവ് കണ്ടെത്താൻ സഹായിക്കുന്ന തെർമൽഫെയ്സ് ഡി​റ്റക്ഷൻ കാമറ പരിശോധനയ്ക്ക് സജ്ജമാക്കിയിരുന്നു. പൂർണ സുരക്ഷാ മുൻകരുതലുകളെടുത്താണ് പൊലീസും ആരോഗ്യവകുപ്പും വിമാനത്താവള അധികൃതരും ചേർന്ന് യാത്രാക്കാരെ പുറത്തെത്തിച്ചത്. രോഗലക്ഷണമുള്ളവരെ ആശുപത്രിയിലേക്കും അല്ലാത്തവരെ ക്വാറന്റൈൻ കേന്ദ്രങ്ങളിലേക്കും മാറ്റി. ഗർഭിണികളെയും കുട്ടികളെയും വീടുകളിൽ നിരീക്ഷണത്തിന് അയച്ചു. പെയ്ഡ് ക്വാറന്റൈൻ സംവിധാനം ആവശ്യമുള്ളവർക്കായി പത്ത് സ്ഥലങ്ങളിൽ സൗകര്യങ്ങൾ ഒരുക്കി. കെ.​ടി.ഡി.സി.യുടെ ഹോട്ടലുകളായ പാളയം മസ്‌ക​റ്റ്, കോവളം സമുദ്റ, തമ്പാനൂർ ചൈത്രം എന്നിവയാണ് തയ്യാറാക്കിയിരിക്കുന്നത്. വിവിധ ജില്ലകളിലേക്ക് യാത്രാക്കാരെ എത്തിക്കുന്നതിന് കെ.എസ്.ആർ.ടി .സി ബസുകളും ഏർപ്പെടുത്തി. ഇന്ന് മസ്‌ക​റ്റ്, 20ന് കുവൈറ്റ്, 21ന് ദുബായ്, 22ന് ബഹ്‌റൈൻ, 23ന് മസ്‌ക​റ്റ് എന്നിവിടങ്ങളിൽ നിന്നും യാത്രക്കാരുമായി തിരുവനന്തപുരത്തേയ്ക്ക് വിമാനങ്ങൾ എത്തുന്നുണ്ട്.