df

വർക്കല: കൊവിഡിന്റെയും ലോക്ക് ഡൗണിന്റെയും പ്രതിസന്ധികൾക്കിടയിൽ രോഗാതുരമായ സാഹചര്യങ്ങൾ വകവയ്ക്കാതെ പണിയെടുക്കുകയാണ് ഒരുകൂട്ടം സ്ത്രീത്തൊഴിലാളികൾ. വർക്കല നഗരസഭയുടെ അധീനതയിലുളള കണ്വാശ്രമത്ത് പ്രവർത്തിക്കുന്ന മാലിന്യസംസ്കരണ പ്ലാന്റിലെ സ്ത്രീ തൊഴിലാളികളാണ് പകലന്തിയോളം യാതൊരു സുരക്ഷയുമില്ലാതെ പണിയെടുക്കുന്നത്. 62 കാരിയായ സാവിത്രി അമ്മ മുതൽ 30 വയസുകാരിയായ മിനി വരെ ഇവിടെ പണിയെടുക്കുന്നുണ്ട്.

ലോക്ക് ഡൗൺ ആയതോടെ ഷിഫ്റ്റ് സമ്പ്രദായത്തിൽ ആറ് പേർ വീതമാണ് ഓരോ ദിവസവും ഇവിടെ ജോലി നോക്കുന്നത്. ദിവസവും രണ്ടും മൂന്നും ലോഡ് മാലിന്യങ്ങളാണ് നഗരത്തിൽ നിന്നും ശേഖരിച്ച് ഈ പ്ലാന്റിൽ എത്തിക്കുന്നത്. മാലിന്യം വേർ തിരിച്ചെടുക്കുന്നതാകട്ടെ വളരെ അറപ്പ് തോന്നുന്ന ജോലിയാണെന്ന് ഇവർ പറയുന്നു.

ഓരോ ദിവസം കഴിയുംതോറും പ്ലാന്റിനകത്തെ മാലിന്യം കുന്നു കൂടുകയാണ്. വർഷങ്ങൾ പഴക്കമുള്ള മാലിന്യങ്ങൾ വരെ കുന്നുകൂടി കിടക്കുന്നുണ്ട്. ഇവ തരംതിരിച്ച് തീർന്നിട്ടും ഇല്ല. ഇതിന് പുറമെയാണ് വീണ്ടും മാലിന്യങ്ങൾ എത്തിക്കുന്നത്.

തുടക്കത്തിൽ മാലിന്യ സംസ്കരണ പ്ലാന്റ് ഒരു സ്വകാര്യ കരാറുകാരനാണ് ഏറ്റെടുത്ത് നടത്തിയിരുന്നത്. പിന്നീട് കരാറുകാരൻ നടത്തിപ്പ് വിട്ടൊഴിഞ്ഞു പോയതോടെ ഇപ്പോഴത്തെ നഗരസഭ ഭരണ സമിതി ഏറ്റെടുത്തു. നഗരസഭ അധികൃതർ താൽപര്യമെടുത്ത് തൊഴിലാളികൾക്ക് 400 രൂപ അനുവദിച്ചു നൽകുകയും ചെയ്തു. എന്നാൽ ഈ തുകയും അപര്യാപ്തമാണെന്ന് തൊഴിലാളികൾ പറയുന്നു . ദിവസക്കൂലി 600 രൂപയെങ്കിലും തങ്ങൾക്ക് അനുവദിച്ചു നൽകണമെന്നാണ് ഇവരുടെ ആവശ്യം. ഇവിടെ തന്നെ തുമ്പൂർ മൊഴി മോഡലിൽ തയ്യാറാക്കിയിട്ടുളള യൂണിറ്റുകളിൽ മാലിന്യങ്ങൾ സംസ്കരിച്ച് വളമാക്കി മാറ്റുന്ന ജോലികളും ഇവർ ചെയ്യുന്നുണ്ട്.
ലോക്ക് ഡൗൺ വേളയിൽ നാട്ടിൽ വിവിധ സംഘടനകളും വ്യക്തികളും ഭക്ഷണവും കിറ്റുകളും വിതരണം ചെയ്തു വന്നപ്പോഴും മനുഷ്യരെന്ന പരിഗണന പോലും തങ്ങളോട് കാട്ടാതെ പോയതിൽ അതീവ ദുഃഖമുണ്ടെന്നും ഇവർ പറയുന്നു.

ഇവർക്ക് വേണ്ടത്

ആരോഗ്യസുരക്ഷ

ജോലിസ്ഥിരത

ക്ഷേമ പെൻഷൻ

പ്രധാന ആവശ്യം - - ദിവസക്കൂലി 600 രൂപയാക്കുക

ദിവസക്കൂലി - 400 രൂപ

ജോലി- നഗരത്തിലെ മാലിന്യങ്ങൾ തരംതിരിക്കുക

തൊഴിൽ സമയം- രാവിലെ 9 മുതൽ വൈകിട്ട 3 വരെ

പണിയെടുക്കുന്നത് - 12പേർ

സ്ത്രീ തൊഴിലാളികൾ - 11(കരാർ അടിസ്ഥാനത്തിൽ)

ഒരു പുരുഷ സൂപ്പർവൈസർ

ലോക്ക്ഡൗണിന് മുൻപ്

വർക്കല നഗരത്തിൽ നിന്നും ദിവസവും നാല് ടണ്ണിൽ ഏറെ മാലിന്യം പുറംതള്ളുന്നുണ്ടെന്നാണ് കണക്ക്. ലോക്ക് ഡൗൺ ആയതിനാൽ ഇതിന് അല്പം കുറവും വന്നിട്ടുണ്ട്.

സുരക്ഷയും ഇല്ല

എലിയും പഴുതാരയും പുഴുക്കളും അടക്കം സകല കൃമി കീടങ്ങളും നുരയ്ക്കുന്ന കൂന കൂടി കിടക്കുന്ന മാലിന്യം അരിച്ചുപെറുക്കി തരംതിരിക്കുന്ന ഇവർക്ക് യാതൊരുവിധ തൊഴിൽ സുരക്ഷാ പദ്ധതികളും നാളിതുവരെ അധികൃതർ നടപ്പാക്കിയിട്ടില്ല

നടപ്പാക്കാത്ത വാഗ്ദ്ധാനങ്ങൾ

2010ലാണ് അന്നത്തെ മന്ത്രി കോടിയേരി ബാലകൃഷ്ണൻ പ്ലാന്റ് ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനവേളയിൽ ഇവരുടെ ജോലിസ്ഥിരത ഉറപ്പാക്കുമെന്നും ജോലിയുടെ സ്വഭാവത്തിനനുസരിച്ച് മാന്യമായ വേതനം നൽകുമെന്നും വാഗ്ദാനം നൽകിയിരുന്നു എന്നാൽ ഒന്നും നടപ്പാക്കിയിട്ടില്ല.

ഫോട്ടോ: മാലിന്യകൂമ്പാരത്തിനിടയിൽ പണിയെടുക്കുന്ന സ്ത്രീ തൊഴിലാളികൾ