കല്ലമ്പലം: ഗ്രാമീണ മേഖലകളിൽ ഇറച്ചിക്കും മത്സ്യത്തിനും അമിത വില ഈടാക്കുന്നതായി പരാതി. ലോക്ക് ഡൗൺ തുടങ്ങിയതോടെയാണ് ഈ വില വർദ്ധനവ്. റംസാൻ മാസമായതോടെ വില വീണ്ടും വർദ്ധിച്ചു. പെരുന്നാളടുക്കുന്നതോടെ ഇനിയും വില വർദ്ധിക്കുമെന്നാണ് വ്യാപാരികൾ പറയുന്നത്.
ഇറച്ചിക്കും മറ്റും അമിതവില ഈടാക്കുന്നത് സംബന്ധിച്ച് പൊതു പ്രവർത്തകനായ നാവായിക്കുളം മുക്കുകട ആദിൽ മൻസിലിൽ അബ്ദുൽ റഹിം ജില്ലാ കലക്ടർക്കും മറ്റ് ഉന്നതാധികാരികൾക്കും പരാതി നൽകി. നാവായിക്കുളം, കരവാരം, ഒറ്റൂർ, മണമ്പൂർ, ചെമ്മരുതി പഞ്ചായത്തുകളിലായി 800 ഓളം അനധികൃത ഇറച്ചി വിൽപ്പന ശാലകളുണ്ട്. ഇതിൽ ലൈസൻസ് ഉള്ളത് വെറും 30 ൽ താഴെ മാത്രമാണ്. ഈ ലൈസൻസിന്റ മറവിലാണ് അനേകം ഇറച്ചികടകൾ അനധികൃതമായി പ്രവർത്തിക്കുന്നത്. യാതൊരുവിധ മാനദണ്ഡങ്ങളും പാലിക്കാതെയാണ് ആടുമാടുകളെ കശാപ്പ് ചെയ്യുന്നതും പ്രദർശിപ്പിക്കുന്നതും വിൽക്കുന്നതും.
അനധികൃത മത്സ്യ മാംസ വ്യാപാരത്തെക്കുറിച്ച് പഞ്ചായത്തുകൾക്ക് വ്യക്തമായ ധാരണയുണ്ടെങ്കിലും അധികൃതർ കണ്ടില്ലന്നു നടിക്കുകയാണെന്നും ആക്ഷേപമുണ്ട്. പഞ്ചായത്ത് പരിധിയിൽ ഇറച്ചിയുടെ അമിത വില നിയന്ത്രിച്ച് വില കൂട്ടി വിൽക്കുന്ന കച്ചവടക്കാർക്കെതിരെ നിയമ നടപടി സ്വീകരിച്ച് ലൈസൻസ് റദ്ദ് ചെയ്യണമെന്നാണ് അബ്ദുൽ റഹിം കലക്ടർക്ക് നൽകിയ പരാതിയിലെ ആവശ്യം. ഈ വിഷയം പരിശോധിച്ചു നടപടി സ്വീകരിക്കാമെന്ന് ജില്ലാ കലക്ടർ ഉറപ്പു നൽകിയിട്ടുണ്ട്.
വില വർദ്ധനവ് ഇങ്ങനെ കിലോ
മുൻപ് ---- ഇപ്പോൾ
കോഴി - 120 --- 185 (200)
ആട്ടിറച്ചി -650 - 750
മാട്ടിറച്ചി -350- 400 ൽ
6 അയല - 200 - 500 രൂപയായി
സമാനമായി എല്ലാ മീനുകളുടെയും വില വർദ്ധിച്ചിട്ടുണ്ട്.
സാമൂഹിക അകലം പാലിക്കാതെ വിൽപ്പന
മാസ്ക് പോലും ധരിക്കാതെ കച്ചവടക്കാർ
വിലകയറ്റത്തിന് കാരണം - ലോക്ക് ഡൗണും റംസാനും ആവശ്യക്കാർ ഏറി