കോയമ്പത്തൂർ: തമിഴ്‌നാട്ടിലെ മുതിർന്ന സി.പി.എം നേതാവും മുൻ പോളിറ്റ് ബ്യൂറോ അംഗവുമായ കെ.വരദരാജൻ (74) അന്തരിച്ചു. തിരുപ്പൂർ ജില്ലയിലെ കരൂരിലുള്ള മകന്റെ വീട്ടിൽ ഇന്നലെ പകൽ രണ്ടിനായിരുന്നു അന്ത്യം. അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. സംസ്‌കാരം ഇന്ന് പകൽ 11ന് തിരുച്ചിറപ്പള്ളി ശ്രീരംഗത്തിലെ വീട്ടുവളപ്പിൽ. 1946 ഒക്ടോബർ നാലിനാണ് വരദരാജൻ ജനിച്ചത്.
സിവിൽ എൻജിനിയറിംഗ് ഡിപ്ലോമ നേടിയ ശേഷം പാളയം കോട്ടയിൽ പൊതുമരാമത്ത് വകുപ്പ് ജീവനക്കാരനായി. കമ്യൂണിസ്റ്റ് പാർട്ടിയിൽ ആകൃഷ്‌ടനായതോടെ ജോലി രാജിവച്ച് മുഴുവൻ സമയപ്രവർത്തകനായി. 1968ൽ സി.പി.എം അംഗമായി. 1974ൽ കിസാൻ സഭ തിരുച്ചിറപ്പള്ളി ജില്ലാ സെക്രട്ടറി. തുടർന്ന് സി.പി.എം തിരുച്ചിറപ്പള്ളി ജില്ലാ സെക്രട്ടറിയുമായി. 1981 ൽ സംസ്ഥാന കമ്മിറ്റി അംഗം. 86ൽ സംസ്ഥാന സെക്രട്ടേറിയറ്റിലെത്തി. 2005 മുതൽ 2015 വരെ പോളിറ്റ് ബ്യൂറോ അംഗമായിരുന്നു. കിസാൻ സഭയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായും അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു. നിലവിൽ കിസാൻസഭ അഖിലേന്ത്യാ വൈസ് പ്രസിഡന്റും സി.പി.എം കേന്ദ്രകമ്മിറ്റിയിലെ ക്ഷണിതാവുമായിരുന്നു. ഭാര്യ സരോജ അമ്മാൾ ആറു വർഷം മുമ്പ് മരിച്ചു. മക്കൾ: ഭാസ്‌കരൻ, കവിത.
മുഖ്യമന്ത്രി അനുശോചിച്ചു
തിരുവനന്തപുരം: സി.പി.എം മുൻ പൊളിറ്റ്ബ്യൂറോ അംഗം കെ.വരദരാജന്റെ നിര്യാണം ഇടതുപക്ഷ, കർഷകപ്രസ്ഥാനങ്ങൾക്ക് വലിയ നഷ്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എൻജിനിയറിംഗ് ബിരുദം നേടി തമിഴ്‌നാട്ടിൽ സർക്കാർ സർവീസിൽ പ്രവേശിച്ച അദ്ദേഹം ജോലി രാജിവച്ചാണ് പൊതുപ്രവർത്തന രംഗത്ത് ഇറങ്ങിയത്. കർഷക സമരങ്ങൾക്ക് നേതൃത്വം നൽകി സി.പി.എമ്മിന്റെ മുൻനിരയിലേക്ക് വന്ന അദ്ദേഹം ദീർഘ കാലം കിസാൻസഭ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു. കേരളവുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന വരദരാജന്റെ വേർപാട് സി.പി.എമ്മിന് സംഘടനാ രംഗത്തും വലിയ നഷ്ടമാണെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.