തിരുവനന്തപുരം: കൊവിഡ് ജാഗ്രതയുടെ ഭാഗമായി ജാമ്യം ലഭിക്കുന്ന കേസുകളിൽ അറസ്റ്റ് ഒഴിവാക്കാമെന്നും ഗൗരവമേറിയ കേസുകളിൽ മാത്രം അറസ്റ്റ് മതിയെന്നും പൊലീസ് തീരുമാനം. പൊലീസ് സ്റ്റേഷനുകൾ പകുതി ഉദ്യോഗസ്ഥരെ ഉപയോഗിക്കുകയും ബാക്കിയുള്ളവരെ വിശ്രമത്തിലാക്കുകയും ചെയ്യും. പൊലീസ് ഉദ്യോഗസ്ഥർക്ക് സ്റ്റേഷനിൽ എത്താതെ തന്നെ ഡ്യൂട്ടി സ്ഥലത്തേക്ക് നേരിട്ട് പോകാനാകും. എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ കൊവിഡ് കാലത്തെ പ്രവർത്തനരീതി സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റ അംഗീകരിച്ച് മുഖ്യമന്ത്റിക്ക് കൈമാറി. അറസ്റ്റ് നടത്തേണ്ട ഉദ്യോഗസ്ഥരും അറസ്റ്റ് ചെയ്യപ്പെടുന്നയാളും മാസ്‌ക്, ഗ്ലൗസ്, സാനിട്ടൈസർ എന്നിവ ഉപയോഗിക്കണം. പെലീസ് വാഹനത്തിലും ലോക്കപ്പുകളിലും സാമൂഹിക അകലം പാലിക്കണം. പൊലീസുകാർക്ക് ഏഴു ദിവസം ഡ്യൂട്ടി, ഏഴുദിവസം വിശ്രമം എന്ന പരിഷ്കരണം തിങ്കളാഴ്ച മുതൽ പ്രാബല്യത്തിലാവും. ഗർഭിണികളായ പൊലീസ് ഉദ്യോഗസ്ഥരെ കമ്പ്യൂട്ടർ ജോലികളോ ഹെൽപ് ഡെസ്‌കിലോ നിയോഗിക്കും. ജീവിത ശൈലീരോഗങ്ങളുള്ള 50 വയസിന് മുകളിലുള്ള ഉദ്യോഗസ്ഥരെ സെൻസിറ്റീവ് പ്രദേശങ്ങളിൽ ഡ്യൂട്ടിക്ക് നിയോഗിക്കുന്നത് ഒഴിവാക്കി അവർക്ക് സ്റ്റേഷന് അകത്ത് ഡ്യൂട്ടി നൽകും. ഇമെയിൽ, വാട്ട്സാപ്പ്, 112 കോൾസെന്റർ എന്നിവ വഴി പരാതി നൽകാൻ പ്രേരിപ്പിക്കണം. ഫീൽഡ് ഡ്യൂട്ടിക്ക് പോകുമ്പോൾ റബ്ബർ ഷൂസ്, ഗംബൂട്ട്, ക്യാൻവാസ് ഷൂസ് എന്നിവ ഉപയോഗിക്കാം. ഡ്യൂട്ടിക്കെത്തുന്ന ഉദ്യോഗസ്ഥർ വ്യക്തിപരമായി സാനിട്ടൈസർ കരുതണമെന്നും മൊബൈൽ ഫോണുകൾ സ്പീക്കർ മോഡിലിട്ട് ഉപയോഗിക്കണമെന്നും നിർദേശമുണ്ട്.