തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിനായി പൊലീസിന്റെ പ്രവർത്തനം തിങ്കളാഴ്ച മുതൽ അടിമുടി മാറും. ഇതിനുള്ള സ്റ്റാന്റേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജർ സർക്കാർ അംഗീകരിച്ചു. രേഖകളുടെ പരിശോധന, കുറ്റകൃത്യം നടന്ന സ്ഥലം പരിശോധിക്കൽ, പരാതിക്കാരോട് സംസാരിക്കൽ എന്നിവയിൽ നിയന്ത്രണമുണ്ടാവും. ഇനിയൊരു അറിയിപ്പുണ്ടാകുംവരെ വെളളിയാഴ്ച പരേഡ് ഒഴിവാക്കി. ഉദ്യോഗസ്ഥരുടെയും കുടുംബാംഗങ്ങളുടെയും ക്ഷേമം, ആരോഗ്യം എന്നിവ ഉറപ്പാക്കാൻ എ.ഡി.ജി.പിമാരായ ബി. സന്ധ്യ, എം.ആർ. അജിത്കുമാർ എന്നിവരെ ചുമതലപ്പെടുത്തി.
മറ്റു നിർദ്ദേശങ്ങൾ
കൊവിഡ് പ്രതിരോധത്തിൽ പൊലീസ് സമൂഹത്തിന് മാതൃകയാകണം. വീഴ്ചയെങ്കിൽ നടപടി. മികവിന് ആദരം
റോൾകാൾ, ഷിഫ്റ്റ് മാറ്റം, പരേഡ്, ക്ലാസുകൾ എന്നിങ്ങനെ ഒത്തുകൂടുന്ന അവസരങ്ങൾ ഒഴിവാക്കണം
ഡ്യൂട്ടി കഴിഞ്ഞാൽ വീഡിയോ കാൾ, ഫോൺ, വയർലെസ് മുഖേന മേലുദ്യോഗസ്ഥനെ അറിയിച്ച് മടങ്ങാം
സ്റ്റേഷനുകളിൽ ഉദ്യോഗസ്ഥർ കൂട്ടംചേർന്ന് ഇരിക്കുന്നത് ഒഴിവാക്കണം
നിർദ്ദേശങ്ങൾ നൽകാൻ എസ്.എം.എസ്, വാട്സ് ആപ്പ് ഉപയോഗിക്കണം
ഡ്യൂട്ടി കഴിഞ്ഞ് വീടുകളിലേക്ക് പോകണം. സുഹൃത്തുക്കളെയോ ബന്ധുക്കളെയോ സന്ദർശിക്കരുത്
ജോലി ചെയ്യുന്ന സ്ഥലവും സാഹചര്യവുമനുസരിച്ചുളള സുരക്ഷാ ഉപകരണങ്ങൾ ലഭ്യമാക്കണം
ഉദ്യോഗസ്ഥർ ഭക്ഷണവും വെള്ളവും കരുതണം. വ്യായാമമുറകൾ, യോഗ എന്നിവ ശീലമാക്കണം
എല്ലാ യൂണിറ്റിലും വെൽഫെയർ ഓഫീസർമാർ സുരക്ഷാ ഉപകരണങ്ങളുടെ ലഭ്യത ഉറപ്പാക്കും
ഹോമിയോ, ആയുർവേദ പ്രതിരോധ മരുന്നുകൾ ഉദ്യോഗസ്ഥർക്ക് ലഭ്യമാക്കണം