തിരുവനന്തപുരം: സമ്പൂർണ ലോക്ക് ഡൗൺ ആയതിനാൽ ഇന്ന് കർശന പരിശോധന ഉണ്ടാകുമെന്നും സ്വകാര്യ വാഹനങ്ങൾ നിരത്തിലിറക്കരുതെന്നും സിറ്റി പൊലീസ് കമ്മിഷണർ ബൽറാം കുമാർ ഉപാദ്ധ്യായ അറിയിച്ചു. പാസുള്ള ഇരുചക്ര വാഹനങ്ങൾക്കും കാറുകൾക്കും മാത്രമേ യാത്ര അനുവദിക്കൂ. അവശ്യസാധനങ്ങൾ വിൽക്കുന്നത് ഒഴികെയുള്ള കടകൾ അടച്ചിടണം. സൂപ്പർ മാർക്കറ്റുകൾക്കും ഹൈപ്പർ മാർക്കറ്റുകൾക്കും അവശ്യസാധനങ്ങളുടെ ഹോം ഡെലിവറി അനുവദിക്കും. മെഡിക്കൽ സ്റ്റോറുകൾ തുറന്നു പ്രവർത്തിക്കാം. അവശ്യ സാധനങ്ങൾ വാങ്ങാൻ ജനങ്ങൾ വീടിനടുത്തുള്ള കടകളിൽ തന്നെ പോകണം. മെഡിക്കൽ സേവനങ്ങൾക്കല്ലാതെ സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങിയാൽ പിടിച്ചെടുത്ത് എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ് പ്രകാരം കേസെടുക്കുമെന്നും കമ്മിഷണർ അറിയിച്ചു.
ക്വാറന്റൈൻ നിരീക്ഷണം
ശക്തമാക്കി പൊലീസ്
തലസ്ഥാനത്ത് ഹോംക്വാറന്റൈനിൽ കഴിയുന്നവരുടെയും കഴിഞ്ഞദിവസം ഡൽഹി- തിരുവനന്തപുരം ട്രെയിനിൽ എത്തിയവരുടെയും വിമാനത്തിൽ വന്നവരുടെയും ക്വാറന്റൈൻ നിരീക്ഷണം പൊലീസ് ശക്തമായി തുടരുന്നു. ഇത് കൂടാതെ റോഡുമാർഗം എത്തി ക്വാറന്റൈനിൽ കഴിയുന്നവരെയും പൊലീസ് പരിശോധിക്കുന്നുണ്ട്. കമ്മിഷണർ ബൽറാംകുമാർ ഉപാദ്ധ്യായ കഴിഞ്ഞ ദിവസം ട്രെയിൻ മാർഗം എത്തിയ വഞ്ചിയൂർ സ്റ്റേഷൻ പരിധിയിൽ ഹോംക്വാറന്റൈനിൽ കഴിയുന്നയാളുടെ വീട്ടിലെത്തി ഇന്നലെ പരിശോധന നടത്തി. ക്വാറന്റൈൻ ലംഘനം നടത്തുന്നവരെ സർക്കാർ ക്വാറന്റൈൻ കേന്ദ്രത്തിലേക്ക് മാറ്റുകയും കേസെടുക്കുകയും ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു. ഇന്നലെ ലോക്ക് ഡൗൺ ലംഘിച്ച 37 പേർക്കെതിരെ കേസെടുത്തു. 23 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്കില്ലാതെ പുറത്തിറങ്ങിയ170 പേർക്കെതിരെയും കേസെടുത്തു.