വിഴിഞ്ഞം: ഹൗസ് ക്വാറന്റൈൻ നിയന്ത്രണങ്ങൾ ലംഘിച്ച് പുറത്തിറങ്ങിയ കടയുടമയ്‌ക്കെതിരെ കേസ്. ബാലരാമപുരം ഐത്തിയൂർ സ്വദേശിയാണ് ഏഴ് കിലോമീറ്ററോളം വാഹനമോടിച്ച് സ്വന്തം വ്യാപാര സ്ഥാപനത്തിൽ എത്തിയത്. ഇയാളെ തിരക്കി പൊലീസ് എത്തുന്നതിനിടെ കടയിൽ നിന്ന് മുങ്ങി. കടയടപ്പിച്ച പൊലീസ് രണ്ട് ജീവനക്കാരോട് ഹൗസ് ക്വാറന്റൈനിൽ പോകാൻ നിർദ്ദേശിച്ചു. തമിഴ്നാട്ടിൽ പഠിക്കുകയായിരുന്ന മകളെ വിളിച്ച് കൊണ്ടുവന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ 12 മുതൽ വീട്ടിൽ നിരീക്ഷണത്തിലായിരുന്ന ബാലരാമപുരം സ്വദേശിയാണ് വിലക്ക് ലംഘിച്ച് ഇന്നലെ വിഴിഞ്ഞം ഉച്ചക്കടയിൽ പ്രവർത്തിക്കുന്ന ഇലക്ട്രിക് കടയിൽ എത്തിയത്. ജീവനക്കാരോട് വില്പനയുമായി ബന്ധപ്പെട്ട കാര്യങ്ങൾ തിരക്കുന്നതിനിടയിൽ നാട്ടുകാരാണ് വിവരം വിഴിഞ്ഞം പൊലീസിനെ അറിയിച്ചത്. നിയന്ത്രണങ്ങൾ ലംഘിച്ച് പുറത്തിറങ്ങിയതിനാണ് കേസെടുത്തതെന്ന് വിഴിഞ്ഞം പൊലീസ് പറഞ്ഞു. ഇയാൾ ക്വാറന്റൈൻ ലംഘിച്ച വിവരം ആരോഗ്യ വകുപ്പിനെ ധരിപ്പിച്ചതായി വിഴിഞ്ഞം ഹെൽത്ത് ഇൻസ്‌പെക്ടറും അറിയിച്ചു.